ചെന്നൈ: അന്തരിച്ച മുൻതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ ഒന്നാം നിര അവകാശികൾ അവരുടെ സഹോദരൻ്റെ മക്കളായ ദീപയും ദീപകുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതിന് പിന്നാലെ രാഷ്ട്രീയത്തിൽ വീണ്ടും തിരിച്ചെത്താൻ വഴി തേടി ദീപ. തമിഴ്നാട് രാഷ്ട്രീയത്തിൽ താൻ വീണ്ടും സജീവമാകുമെന്നും ജയലളിതയുടെ സഹോദരൻ ജയകുമാറിൻ്റെ മകൾ ദീപ ജയകുമാർ വ്യക്തമാക്കി. 

കോടതി വിധി അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ദീപ ജയകുമാ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരുണ്യപ്രവ‍ർത്തനങ്ങൾ ചെയ്യുന്നതിൽ ജയലളിത എന്നും മുൻനിരയിൽ നിന്നിരുന്നു. സ്വത്തുകൾ വിട്ടു കിട്ടുന്ന മുറയ്ക്ക് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാഷ്ട്രീയ പ്രവ‍ർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ദീപ ജയകുമാ‍ർ പറഞ്ഞു. 

ജയലളിതയുടെ പേരില്‍ നിലവിലെ എഐഎ‍ഡിഎംകെ സ‍ർക്കാർ നടത്തുന്നത് അഴിമതിയാണ്. നിലവിലെ നേതൃത്വത്തെ ജനം മടുത്തെന്നും ദീപ പറയുന്നു. അണ്ണാ ഡിഎംകെയിൽ നേതൃമാറ്റമുണ്ടാകുമെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ സ്വത്തുകൾ അന്യായമായി കൈവശപ്പെടുത്തിയവ‍ർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അവ‍ർ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരം​ഗത്തുണ്ടാകുമെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ജയലളിതയുടെ മരണാനന്തരം ദീപ സ്വന്തമായി രാഷ്ട്രീയ പാ‍ർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ചിരുന്നെങ്കിലും അതു കാര്യമായി ഫലം കണ്ടിരുന്നില്ല. എന്നാൽ ജയലളിതയുടെ സ്വത്തുകളുടെ അവകാശിയായി മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചതോടെ ഒരു തിരിച്ചുവരവിനുള്ള അവസരമാണ് ദീപയ്ക്ക് ലഭിക്കുന്നത്. ഹിന്ദു പിന്തുട‍ർച്ചവകാശ നിയമം അനുസരിച്ചാണ് ദീപയും ദീപകുമാണ് ജയലളിതയുടെ സ്വത്തിന് അവകാശികൾ എന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്.