ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തെയും നോയിഡയിലെ ജേവർ വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരു പുതിയ തുരങ്കപാത പദ്ധതിക്ക് തുടക്കമിട്ടു. യാത്രാസമയം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.  

ൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെയും (IGI) നോയിഡയിലെ ജേവർ അന്താരാഷ്ട്ര വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന തുരങ്കപാത പദ്ധതിക്ക് കേന്ദ്ര സർക്കാർ പ്രാഥമിക നടപടികൾ ആരംഭിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) സംയുക്തമായാണ് ഈ വമ്പൻ അടിസ്ഥാനസൗകര്യ പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പദ്ധതി യാഥാർഥ്യമായാൽ ഡൽഹിയിലും നോയിഡയിലും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കപ്പെടുകയും ചെയ്യും. വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ തുരങ്കപാതയ്ക്ക് ഒന്നിലധികം പ്രവേശന-എക്സിറ്റ് കേന്ദ്രങ്ങൾ ഉണ്ടായിരിക്കും എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രധാന പ്രവേശനകവാടം ടോക്കറ്റോറ സ്റ്റേഡിയം പ്രദേശത്തായിരിക്കും. പദ്ധതി പൂർത്തിയായാൽ കരോൾ ബാഗ്, പട്ടേൽ നഗർ, രാജേന്ദ്ര പ്ലേസ്, കണോട്ട് പ്ലേസ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് വലിയ ഗുണം ലഭിക്കും. ഇവർക്കായി വേഗമേറിയ യാത്രാ മാർഗമായി തുരങ്കപാത മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കാൻ എൻഎച്ച്എഐ ആലോചിക്കുന്നത്. ആദ്യ ഘട്ടത്തിൽ ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം വഴി ഗുരുഗ്രാമിലേക്കുള്ള തുരങ്കപാതയുടെ സാധ്യതാപഠനം നടത്തും. രണ്ടാം ഘട്ടത്തിൽ ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് സറായ് കാലെ ഖാൻ വരെ തുരങ്കം നീട്ടുന്നതിനുള്ള പഠനങ്ങൾ ആരംഭിക്കും. അവിടെ നിന്ന് ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുകയും തുടർന്ന് ചന്ദാവലി-ജേവർ ലിങ്ക് റോഡ് വഴി ജേവർ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി ഒരുക്കുകയും ചെയ്യും.

ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് ഐജിഐ വിമാനത്താവളത്തേക്കും ഗുരുഗ്രാമിലേക്കും തുരങ്കപാത നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട് എന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ സഹമന്ത്രി ഹർഷ് മൽഹോത്രയുടെ പറയുന്നു. നിലവിൽ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. തുരങ്കത്തിന്റെ കൃത്യമായ പാത നിർണയിച്ച ശേഷം ചെലവ്, നിർമാണകാലാവധി, സാങ്കേതിക വെല്ലുവിളികൾ എന്നിവ ഉൾപ്പെടുന്ന വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി നടപ്പായാൽ ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗര ഗതാഗത പദ്ധതികളിലൊന്നായി ഇത് മാറുമെന്ന് വിലയിരുത്തപ്പെടുന്നു.