ദില്ലി: ആംആദ്മി നേതാവും ദില്ലി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് കപില്‍ മിശ്ര. 2017 ല്‍ ജയിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ നടത്തിയ അഴിമതി ആരോപണത്തിലാണ് മിശ്രക്കെതിരെ ദില്ലി കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്.

സംഭവത്തില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മിശ്ര നിരുപാദികം മാപ്പുപറഞ്ഞത്. ഇതോടെ കോടതി കേസ് അവസാനിപ്പിച്ചു. മിശ്ര കോടതിക്ക് മുമ്പാകെ മാപ്പുപറഞ്ഞതിന് പിന്നാലെ ജയിന്‍ കേസ് പിന്‍വലിച്ചു. ഇതോടെ ബുധനാഴ്ച കോടതി കേസ് അവസാനിപ്പിച്ചു. 

2017 ല്‍ ജയിന്‍ വഴി അരവിന്ദ് കെജ്രിവാള്‍ കൈപ്പറ്റിയെന്നാണ് മിശ്ര ആരോപിച്ചത്. മാത്രമല്ല കെജ്രിവാളിന്റെ ബന്ധുവിന് ജയിന്‍ 50 കോടിയുടെ ഭൂമി ഇടപാട് നടത്തിക്കൊടുത്തുവെന്നും സത്യന്ദ്ര ജയിനെ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും മിശ്ര സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയിന്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.