ദില്ലി:  ഇന്ത്യയുടെ ആദ്യ  റഫാല്‍  വിമാനത്തില്‍ ശാസ്ത്ര പൂജ നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിമാനത്തില്‍ 'ഓം' എന്നെഴുതിയ രാജ്നാഥ് സിങ് ഭാരതീയ പാരമ്പര്യം അനുസരിച്ച് ആയുധ പൂജ നടത്തിയ ശേഷമാണ് യുദ്ധവിമാനം ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ വായുസേനാ ദിനത്തിനൊപ്പം ദസറയും ഒത്തുചേര്‍ന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോൾട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറിയത്.

 ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വ്യോമസേനയാണ് ഇന്ത്യയുടേത്. റഫാലിന്‍റെ കടന്നുവരവ് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഉതകും എന്നാണ് പ്രതീക്ഷ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധത്തിന്‍റെ ആഴമാണ് ഇന്നത്തെ ചടങ്ങിലൂടെ വ്യക്തമാകുന്നത് എന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

റഫാൽ വിമാനം വാങ്ങുവാനുള്ള കരാര്‍ മോദി സര്‍ക്കാര്‍ സെപ്തംബര്‍ 23,2016നാണ് ഫ്രാന്‍സുമായി ഒപ്പുവച്ചത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇത് പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നിര്‍മ്മിച്ചു നല്‍കേണ്ടത്. ഇന്ത്യ ഇതിനായി 60000 കോടിയാണ് മുടക്കുന്നത്. ഇന്ത്യ ഏര്‍പ്പെട്ട ഏറ്റവും വലിയ ആയുധകരാറാണ് റഫാൽ ഇടപാട്. അതില്‍ ആദ്യത്തെ ഫൈറ്റർ ജെറ്റിന്‍റെ കൈമാറ്റമാണ് ഇപ്പോള്‍ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പെര്‍ളിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.