ദില്ലി: ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും. റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്നാഥ് സിംഗ് വിജയദശമി ദിനത്തിൽ ആയുധപൂജയിലും പങ്കുചേരും.  

സെപ്തംബറിൽ റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. രണ്ടു സീറ്റുകളുള്ള RB-OO1 വിമാനമാണ് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫാല്‍ ഏറ്റുവാങ്ങുകയും ഒരു മണിക്കൂറോളം സമയം വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഔദ്യോ​ഗികമായി നാളെയാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് റാഫാൽ വിമാനങ്ങൾ സ്വീകരിക്കുക. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനിൽ നിന്നാണ് ഇന്ത്യ 36 റഫാല്‍ ഫൈറ്റര്‍ വിമാനങ്ങൾ വാങ്ങിക്കുന്നത്. 

റഫാല്‍ വിമാനങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായി പത്ത് പൈലറ്റുകളും പത്ത് ഫൈറ്റര്‍ എഞ്ചിനിയര്‍മാരും 40 ടെക്നിഷ്യന്‍സും അടങ്ങുന്ന ടീമിന് ഫ്രാന്‍സില്‍ നിന്നും പരിശീലനം നല്‍കിയിരുന്നു. കരാര്‍ അനുസരിച്ച് 2022 ഏപ്രിലോടെ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ റഫാല്‍ ഫൈറ്റര്‍ വിമാനങ്ങളും ഇന്ത്യയിലേക്ക് എത്തുമെന്നാണ് നിലവില്‍ കരുതുന്നത്.

Read More:ഇന്ത്യക്ക് കരുത്തേകാന്‍ ആദ്യ റഫേല്‍ എത്തുന്നു

റഫാലും വിവാദങ്ങളും

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ആദ്യ റഫാൽ വിമാനം ഇന്ത്യ സ്വീകരിക്കാനൊരുങ്ങുന്നത്. 58,000 കോടിയുടെ ഇടപാടിൽ ഉയർന്ന അഴിമതി ആരോപണമാണ് ആദ്യ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. റഫാല്‍ ഇടപാട് ജെപിസി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് 526 കോടി രൂപയായിരുന്നു റഫാലിന്റെ വില. എന്നാൽ വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്റെ വര്‍ധനയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ പ്രധാന ആരോപണം. കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുശേഷം എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമായി ദസോള്‍ട്ട് കരാറിലേര്‍പ്പെട്ടതും വൻ വിവാദമായിരുന്നു.

അതേസമയം. റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ താത്പര്യപ്രകാരമാണെന്ന് ഫ്രാന്‍സ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് നിലപാട് മയപ്പെടുത്തിയ ഫ്രാന്‍സ്വാ ഇക്കാര്യത്തില്‍ ദസോള്‍ട്ടാണ് മറുപടി പറയേണ്ടതെന്ന് അറിയിച്ചു. എന്നാല്‍, തങ്ങളാണ് റിലയന്‍സിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്ന് ഒളോന്ദിന് മറുപടിയുമായി ദസോള്‍ട്ട് തന്നെ രംഗത്തെത്തിയിരുന്നു.

റഫാല്‍ വാങ്ങാനുള്ള തീരുമാനം

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ആലോചന തുടങ്ങിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദസോള്‍ട്ടുമായി 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടം വരെയെത്തുന്നു. എന്നാൽ കരാറായില്ല. കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ വ്യോമസേനയില്‍നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നതിൻ തുടർന്നായിരുന്നു സേന ആവശ്യപ്പെട്ട മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനത്തില്‍പ്പെടുന്ന റഫാല്‍ വാങ്ങാന്‍ 2012-ല്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നത്.

പിന്നീട് മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു. 2015 ഏപ്രില്‍ പത്തിനാണ് പാരീസില്‍വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 സെപ്റ്റംബറിലാണ് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ദസോൾട്ട് ഏവിയേഷനുമായി കരാറിൽ ഒപ്പുവച്ചത്. ഏകദേശം 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ) രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. ദസോള്‍ട്ടില്‍നിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതാണ് കരാര്‍.

റഫാൽ പോർ വിമാനങ്ങൾ

റഫാൽ കൈമാറ്റം നടന്നതോടെ ഏഷ്യയിലെ വൻ പ്രതിരോധ ശക്തിയായി മാറി കഴിഞ്ഞിരിക്കുകയാണ് ഇന്ത്യ. ഏഷ്യയിലെ ഏറ്റവും മികച്ച അത്യാധുനിക പോര്‍ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാവുംവിധം രൂപകൽപന ചെയ്തതാണ് റഫാൽ യുദ്ധവിമാനങ്ങൾ. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്.

അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് റഫാല്‍. എൺ‌പതുകളിൽ നിര്‍മാണം ആരംഭിച്ച റഫാൽ 2001ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമാകുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകളും ഈജിപ്ത്, ഖത്തർ വായുസേനയുമാണ് റഫാൽ ഉപയോഗിക്കുന്നത്. 2018 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 165 റഫാൽ വിമാനങ്ങൾ ദസോൾ‌ട്ട് നിര്‍മ്മിച്ചിട്ടുണ്ട്. 

ഇന്ത്യ വാങ്ങിക്കുന്ന റഫാൽ വിമാനങ്ങൾ

15.27 മീറ്ററാണ് റഫാൽ വിമാനത്തിന്റെ നീളം. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.

എണ്‍പതുകളില്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ​ദസോയാണ്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.