Asianet News MalayalamAsianet News Malayalam

കലാപത്തിനിടെ കർഫ്യു ഭേദിച്ച് പൂർണ്ണ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചു; ജീവൻ പണയം വച്ച ഓട്ടോക്കാരനാണ് ഹീറോ

പൂർണ്ണ ഗർഭിണിയായ ഹിന്ദു സ്ത്രീയെ പ്രസവത്തിന് മുൻപ് സുരക്ഷിതയായി ആശുപത്രിയിലെത്തിക്കാനാണ് മുസ്ലിമായ ഓട്ടോ ഡ്രൈവർ പൊലീസിന്റെ കനത്ത് കർഫ്യു ലംഘിച്ചത്

Defying curfew, Muslim man drives auto to take pregnant Hindu woman to hospital
Author
Hailakandi, First Published May 15, 2019, 11:28 PM IST

ഗുവാഹത്തി: പൂർണ്ണ ഗർഭിണിയായ ഹിന്ദു സ്ത്രീയെ പ്രസവത്തിന് മുൻപ് സുരക്ഷിതയായി ആശുപത്രിയിലെത്തിക്കാൻ മുസ്ലിമായ ഓട്ടോ ഡ്രൈവർ പൊലീസിന്റെ കനത്ത കർഫ്യു ലംഘിച്ചു. ആസാമിലെ ഹൈലകണ്ടിയിലാണ് സംഭവം. വിജയകരമായി തന്നെ ആ ദൗത്യം അദ്ദേഹം പൂർത്തിയാക്കി. ആൺകുട്ടി പിറന്നപ്പോൾ മുൻപിൻ നോക്കാതെ ശാന്തി എന്ന പേരാണ് മാതാപിതാക്കൾ കുറിച്ചത്. രാജ്യത്ത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേർതിരിവുകൾ ശക്തമാകുന്നതിനിടെയാണ് പരസ്പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വലിയ മാനങ്ങളുള്ള ഈ സംഭവം നടന്നത്.

രണ്ട് ദിവസം മുൻപാണ് സംഭവം. സാമുദായിക സംഘർഷം ശക്തമായതിനെ തുടർന്ന് ഹൈലകണ്ടി നഗരത്തിൽ കഴിഞ്ഞ ദിവസം കർഫ്യു ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങൾ പോലും നിരോധിച്ചിരുന്നു. ഇതിനിടെയാണ് നന്ദിതയ്ക്ക് പേറ്റുനോവ് ഉണ്ടായത്. ഭർത്താവ് റുബോൺ ദാസ് ഭാര്യയെ എങ്ങിനെ ആശുപത്രിയിലെത്തിക്കുമെന്ന് വിഷമിച്ച് നിൽക്കുമ്പോഴാണ് സഹായവുമായി അയൽവാസി മഖ്ബൂൽ വന്നത്. എന്ത് പ്രശ്നമുണ്ടെങ്കിലും താൻ ഓട്ടോയിറക്കാമെന്ന് ഇദ്ദേഹം ഏറ്റു. പിന്നീട് തീപായും വേഗത്തിൽ ആശുപത്രിയിലേക്ക്.

നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാൻ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദർശിച്ച ജില്ല പൊലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സ്നേഹത്തോടെ കഴിയുന്ന ഇത്തരം കഥകളാണ് നാട് കേൾക്കേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘർഷത്തിൽ പൊലീസ് വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 15ഓളം പേർക്ക് പരിക്കേറ്റു. 12 കടകൾ കൊള്ളയടിച്ചു. 15 വാഹനങ്ങളാണ് തകർക്കപ്പെട്ടത്. നന്ദിതയ്ക്ക് പേറ്റുനോവുണ്ടായപ്പോൾ വാഹനവുമായി എത്താൻ നിരവധി ബന്ധുക്കളെ റുമോൺ ദാസ് വിളിച്ചിരുന്നു. എന്നാൽ ആരും വാഹനമിറക്കാൻ തയ്യാറായില്ല. ഈ സമയത്താണ് മുസൽമാനായ മഖ്ബൂൽ രംഗത്ത് വന്നത്. സമയത്ത് ആശുപത്രിയിൽ എത്തുമോയെന്ന പേടി മാത്രമായിരുന്നു തന്റെ മനസിൽ ആ സമയത്ത് ഉണ്ടായിരുന്നതെന്ന് മഖ്ബൂൽ പിന്നീട് പ്രതികരിച്ചു. സമയത്തിന് എത്തിക്കാൻ സാധിച്ചതിലും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതിലും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios