Asianet News MalayalamAsianet News Malayalam

ദില്ലി വായുമലിനീകരണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിമര്‍ശനം, ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണണമെന്നും നിര്‍ദ്ദേശം

കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന കോടതി നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ജോലി കാണില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍മിശ്ര താക്കീത് നല്‍കി.

Delhi air pollution:supreme court against central and state governments
Author
Delhi, First Published Nov 6, 2019, 6:01 PM IST

ദില്ലി: ദില്ലിയിലെ വായുമലിനീകരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി ശകാരിച്ച് സുപ്രീംകോടതി. മലിനീകരണം തടയുന്നതില്‍ ദില്ലിയിലെ ആംആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒരാഴ്ചക്കുള്ളില്‍ മലിനീകരണത്തിന് പരിഹാരം കാണണമെന്നും കോടതി അന്ത്യശാസനം നല്‍കി. വായുമലിനീകരണവുമായി ബന്ധപ്പെട്ട്  സ്വമേധയാ എടുത്ത കേസില്‍ പഞ്ചാബ്, ഹരിയാന,ദില്ലി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളെയും കേന്ദ്ര സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍  നീക്കം ചെയ്യാന്‍  അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ക്വിന്‍റിലിന് നൂറ് രൂപ നല്‍കണമെന്നും സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി

കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന കോടതി നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ജോലി കാണില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര താക്കീത് നല്‍കി. സര്‍ക്കാര്‍ കോടിക്കണക്കിന് ആളുകളുടെ ജീവന്‍ പന്താടുകയാണോയെന്നും ജസ്റ്റിസുമാരായ അരുണ്‍മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചോദിച്ചു. 

കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിലെ അതൃപ്തി ഹരിയാന, ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിമാരെയും കോടതി അറിയിച്ചു. മലിനീകരണം തടയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് കസേരയില്‍ തുടരുന്നതെന്ന് ആംആദ്മി സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. എല്ലാം സംസ്ഥാനങ്ങളുടെ തലയില്‍ വച്ച് ഒഴിയാമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കാര്‍ഷികാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിടത്ത് എന്ത് ചെയ്തുവെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് അരുണ്‍മിശ്ര ചോദിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ വളമാക്കി മാറ്റുന്ന പതിനെട്ടായിരം യന്ത്രങ്ങള്‍ വിതരണം ചെയ്തുവെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. പിന്നെ എന്തുകൊണ്ട്  കത്തിക്കുന്നത് തുടരുന്നുവെന്ന ചോദ്യത്തിന് കര്‍ഷകര്‍ നിയമം പാലിക്കുന്നില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.  അത് ചീഫ് സെക്രട്ടറിയുടെ പരാജയമാണെന്നും സര്‍ക്കാര്‍ എന്തിനാണെന്നും കോടതി ചോദിച്ചു. രണ്ട് ലക്ഷം കര്‍ഷകര്‍ നിയമം ലംഘിക്കുന്നത് എങ്ങിനെ തടയാനാകുമെന്ന് അറ്റോര്‍ണ്ണി ജനറല്‍ ചോദിച്ചതിനോട് അതിന് ചീഫ് സെക്രട്ടറിമാരാണ് മറുപടിയേണ്ടതെന്നും അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നുമായിരുന്നു കോടതിയുടെ മറുപടി. 

Follow Us:
Download App:
  • android
  • ios