ദില്ലി/ ചെന്നൈ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ലോക്ഡൗൺ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങൾ തുടരും. അതേസമയം, ​തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യക്കാരെ മാത്രമേ തമിഴ്നാട് അതിര്‍ത്തി വഴി കടത്തിവിടൂ. കേരള തമിഴ്നാട് അിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള  ട്രെയിന്‍ സര്‍വ്വീസുകള്‍ അധികവും റദ്ദാക്കി. വിമാന സര്‍വ്വീസിന് മാറ്റമില്ല. സിനിമാ സീരിയില്‍ ഷൂട്ടിങ്ങിന് ഉള്‍പ്പടെ വിലക്കുണ്ട്. 

രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിന് പുറമേ ദില്ലി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്. കർണാടകയും മെയ് 10 മുതൽ 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ 6 മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona