ദില്ലി: തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആംആദ്മി പാർട്ടി രംഗത്ത്. വോട്ടിംഗ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അരവിന്ദ് കെജ്രിവാൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോളിംഗ് പൂർത്തിയായി മണിക്കൂറുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് കണക്ക് പുറത്തുവിടുന്നില്ലെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു.

വോട്ടിംഗ് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷവും ശരിയായ പോളിംഗ് ശതമാനം പുറത്തുവിടാത്തതിൽ ദുരൂഹതയാരോപിച്ച് എഎപി നേതാവ് സഞ്ജയ് സിംഗും രംഗത്തെത്തി. ചില ഉള്ളുകളികൾ നടക്കുന്നുണ്ടെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.

അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം ദില്ലിയിൽ ചിലയിടത്ത് പോളിംഗ് ഓഫീസർമാർ മെഷീനുകൾ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് ഇന്നലെ രാത്രി ആരോപിച്ചിരുന്നു. സീൽ ചെയ്ത വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമിലേക്കയക്കാതെ  ചിലയിടങ്ങളിൽ പോളിംഗ് ഓഫീസർമാർ കൈവശം വച്ചിരിക്കുന്നുവെന്നായിരുന്നു സഞ്ജയ് സിംഗ് പറഞ്ഞത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക് ആം ആദ്മി എംഎൽഎമാരും പാർട്ടി പ്രവർത്തകരും കാവലിരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം നടന്നേക്കുമെന്ന് ആം ആദ്മി നേതാക്കൾക്ക് ഭയമുണ്ട്. 

അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ദില്ലിയിൽ ആം ആദ്മി സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ബിജെപി ഏതെങ്കിലും നിലയിൽ അട്ടിമറിക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആംആദ്മി പാർട്ടിയുടെ തുടർ ഭരണം ഉറപ്പിച്ചിരിക്കുകയാണ്.