ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന
ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ ഒളിത്താവളത്തിൽ നിന്നും 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിരുന്നത്. കൂടാതെ ഇവിടെ നിന്നാണ് ഡോ. മുസമ്മിലിനെ പൊലീസ് പിടികൂടിയത്. ഇയാൾ ഇവിടെ ഒരാഴ്ചയോളമായി ഒളിച്ച് താമസിക്കുകയായിരുന്നു.
കൂടാതെ ഐ20 കാര്‍ വാങ്ങിയ ശേഷം ഉമർ പിന്നീട് എത്തിയത് സർവ്വകലാശാല ക്യാമ്പസിലാണെന്ന് വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമ്മർ കാർ ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതോടെ ക്യാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതായാണ് വിവരങ്ങൾ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചു.
സ്ഫോടനം അന്വേഷിക്കാൻ 10 അംഗ സംഘത്തെ എന്‍ഐഎ രൂപീകരിച്ചിട്ടുണ്ട്. എൻഐഎ അഡീഷണൽ ഡയറ്കടർ ജനറൽ വിജയ് സാഖ്റെയ്ക്കാണ് അന്വേഷണ സംഘത്തിന്‍റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ദില്ലി പൊലീസിൽ നിന്ന് എൻഐഎ കേസിന്റെ രേഖകൾ ഏറ്റെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്‍റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്ഫോർട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ദില്ലി മയൂർ വിഹാറിലും ഉമറിൻറെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.



