കശ്മീരിൽനിന്നും പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പാടാക്കിയാണ് ഉത്തരമേഖല റെയിൽവേ ജമ്മു താരങ്ങളെ മാറ്റിയത്. 

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ ടീമം​ഗങ്ങളെ സുരക്ഷിതമായി ദില്ലിയിലെത്തിച്ചു. പഞ്ചാബ് കിങ്സ്, ദില്ലി കാപ്പിറ്റൽസ് ടീമം​ഗങ്ങളെയും സഹപ്രവർത്തകരെയും വന്ദേ ഭാരത് ട്രെയിനിലാണ് ദില്ലിയിലെത്തിച്ചത്. ഐപിഎല്ലില്‍ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ഇന്നലെ രാത്രി നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം നിർത്തിവെച്ചതോടെ താരങ്ങൾ ഹൈദരാബാദിൽ കുടുങ്ങിയിരുന്നു. പാക് ആക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങൾ അടച്ചതോടെയാണ് താരങ്ങളെ ട്രെയിൻ മാർഗം ദില്ലിയിലെത്തിച്ചത്. 

കശ്മീരിൽനിന്നും പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പാടാക്കിയാണ് ഉത്തരമേഖല റെയിൽവേ ജമ്മു താരങ്ങളെ മാറ്റിയത്. ജമ്മു കശ്മീർ, ഉദ്ദംപൂർ, കത്ര എന്നിവിടങ്ങളിൽ നിന്നും ദില്ലിയിലേക്കാണ് ട്രെയിൻ ഏർപ്പാടാക്കിയത്. ഈ ട്രെയിനിലാണ് ഐപിഎൽ താരങ്ങളെ ദില്ലിയിലേക്ക് എത്തിച്ചത്. ആദ്യ സർവീസ് ദില്ലിയിലെത്തിയതായും, ഐപിഎൽ താരങ്ങൾ സുരക്ഷിതരായി തിരിച്ചെത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ വഴിയാണ് രണ്ട് സ്ഥലത്തും ആക്രമണം നടത്തുന്നത്. ഒപ്പം ജമ്മു കശ്മീരിലെ അതി‍ർത്തി ഗ്രാമങ്ങളിൽ പാക് സൈന്യം അതിരൂക്ഷമായി വെടിയുതിർക്കുന്നുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബിലെ ഫിറോസ്‌പുരിൽ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു. ഒരു കുടുംബത്തിലുള്ള മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ.