ദില്ലി: കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തില്‍  ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ച് ദില്ലി. ആശുപത്രികള്‍ നിറയുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശദീകരിച്ചു. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ദില്ലിയില്‍ ചികിത്സയൊരുക്കാനാവില്ലെന്ന സന്ദേശം നല്‍കിയാണ് ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം. അവശ്യ സര്‍വ്വീസുകള്‍ അനുവദിക്കും. ജനങ്ങളുടെ അഭിപ്രായം തേടിയശേഷമേ അതിര്‍ത്തി തുറക്കു എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് അ‍ഞ്ചിന് മുമ്പ് അഭിപ്രായം അറിയിക്കാന്‍ വാട്സാപ്പ്, ടോള്‍ഫ്രീ നമ്പരും നല്‍കി. പതിനായിരം കിടക്കകള്‍ ഈ ആഴ്ചതന്നെ അധികം സജ്ജമാക്കും. ആശുപത്രികളിലെ കിടത്തി ചികിത്സാ ലഭ്യത അറിയാന്‍ ആപ്പ് തയാറാക്കും. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി വ്യവസായ ശാലകളും മാര്‍ക്കറ്റുകളും തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറക്കാം. പ്രതിദിനം ആയിരത്തിലേറെപ്പേര്‍ക്ക് രോഗം പടരുന്ന ദില്ലിയില്‍ 19000 ത്തിന് അടുത്താണ് രോഗികളുടെ എണ്ണം.

തുട‍ർച്ചയായ നാലാം ദിവസവും ദില്ലിയില്‍ ആയിരം പേർ വീതം രോഗികളായി. വരാൻ പോകുന്ന ആറ് ആഴ്ച്ചകൾ ദില്ലിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്ന് ആരോഗ്യവിഗദ്ധർ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അകലം പാലിച്ച് കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കണമെന്നാണ് ചട്ടമെങ്കിലും നിയന്ത്രിതമായി പൊതുഗതാഗതവും തുറന്നുതോടെ നിരത്തുകള്‍ സജീവമാണ്. പൊതുഇടങ്ങളിലെ പ്രതിരോധ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നത് രോഗ വ്യാപനത്തോത് ഇനിയും വർധിപ്പിക്കുമെന്ന് ആരോഗ്യരംഗത്തെ വിഗദധർ പറയുന്നു.