തിങ്കളാഴ്ച സിംഘുവിലെത്തി കർഷകസമരനേതാക്കളെ കെജ്‍രിവാൾ കണ്ടിരുന്നു. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലേ എന്ന് പരിശോധിക്കുകയും ചെയ്തു. അതിന് ശേഷം തിരികെ വീട്ടിലെത്തി, പിന്നീട് പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നാണ് ആരോപണം.

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ആം ആദ്മി പാർട്ടി. കർഷകസമരനേതാക്കളെ കാണാൻ പോയി തിരികെ എത്തിയ കെജ്‍രിവാളിനെയും വീട്ടിലുള്ള മറ്റാരെയും പുറത്തേക്ക് പോകാനോ, വീട്ടിലേക്ക് ആരെയെങ്കിലും വരാനോ ദില്ലി പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണം ദില്ലി പൊലീസ് നിഷേധിക്കുന്നു. പൊലീസ് പുറത്തുപോകാൻ അനുവദിക്കാത്തതിനാൽ കെജ്‍രിവാളിന്‍റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി.

Scroll to load tweet…

എന്നാൽ കെജ്‍രിവാളിന്‍റെ വീട്ടിന് പുറത്ത് ആം ആദ്മി പ്രവർത്തകരും മറ്റ് പാർട്ടിയിലെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷ കൂട്ടിയത് മാത്രമാണെന്നാണ് ദില്ലി പൊലീസിന്‍റെ വിശദീകരണം. ഇതിന് തെളിവായി കെജ്‍രിവാളിന്‍റെ വീടിന് മുന്നിലെ ഒരു ഫോട്ടോയും പുറത്തുവിടുന്നു. കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന ആരോപണം പൂർണമായും തെറ്റെന്നാണ് ദില്ലി എസിപി ആന്‍റോ അൽഫോൺസ് വാർത്താ ഏജൻസിയായ എഎൻഐഎയോട് പറയുന്നത്.

Scroll to load tweet…

രാജ്യവ്യാപകമായി കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ബന്ദിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍‍രിവാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. 

തിങ്കളാഴ്ച സിംഘുവിലെത്തി കർഷകസമരനേതാക്കളെ കെജ്‍രിവാൾ കണ്ടിരുന്നു. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലേ എന്ന് പരിശോധിക്കുകയും ചെയ്തു. അതിന് ശേഷം തിരികെ വീട്ടിലെത്തി, പിന്നീട് പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നാണ് ആരോപണം.

കേന്ദ്രഭരണപ്രദേശമായ ദില്ലിയിൽ പൊലീസ് സംസ്ഥാനഭരണത്തിന് കീഴിലല്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ദില്ലി പൊലീസ്.