ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ അമിത് ഷായുടെ വസതിയിൽ എത്തിയായിരുന്നു സന്ദർശനം. ഇരുപത് മിനുട്ടോളം ഇരു നേതാക്കളും തമ്മി‍ലുള്ള കൂടിക്കാഴ്ച നീണ്ടു നിന്നു.

കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ദില്ലിയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്തെന്നും കെജ്‍രിവാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കെജ്‍രിവാൾ മൂന്നാം വട്ടം ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേത്.

ആം ആദ്മി പാർട്ടിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ എഴുപതിൽ അറുപത്തിരണ്ട് സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയത്. ബിജെപിക്ക് വെറും എട്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. സത്യപ്രതിജ്ഞാ ചടങ്ങിന് കെജ്‍രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, എട്ട് ബിജെപി എംഎൽഎമാരെയും ക്ഷണിച്ചിരുന്നെങ്കിലും ഇവ‍ർ ചടങ്ങിനെത്തിയിരുന്നില്ല.

തന്‍റെ ലോകസഭാ മണ്ഡലമായ വാരണാസിയിൽ ചില ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായത് മൂലമാണ് പ്രധാനമന്ത്രി എത്താതിരുന്നതെന്നാണ് വിശദീകരണം. പിന്നീട് മോദി കെജ്‍രിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 

ബിജെപി കാടിളക്കി പ്രചരണം നടത്തിയ ദില്ലിയിൽ പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും 270 എംപിമാരും 70 കേന്ദ്ര മന്ത്രിമാരും, യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളും എത്തി ആരോപണ കൊടുങ്കാറ്റഴിച്ച് വിട്ടിട്ടും വെറും അഞ്ച് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് കൂടുതലായി നേടിയെടുക്കാൻ സാധിച്ചത്.