ആർഎസി ടിക്കറ്റിൽ യാത്ര ചെയ്ത രണ്ട് അപരിചിതർക്ക് ഒരു പുതപ്പ് മാത്രം നൽകിയതിന് ഇന്ത്യൻ റെയിൽവേയ്ക്ക് ദില്ലി ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തി. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ച കമ്മീഷൻ, ആർഎസി യാത്രക്കാർക്കും ടിക്കറ്റ് നിരക്കിനൊപ്പം ബെഡ്‌റോൾ ചാർജ് ഈടാക്കുന്നതിനാൽ പൂർണ്ണമായ ബെഡ്‌റോളിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി.

ദില്ലി: ആർഎസി ടിക്കറ്റിൽ യാത്ര ചെയ്ത അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഒരു പുതപ്പ് മാത്രം നൽകിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 25,000 രൂപ പിഴയിട്ട് ദില്ലി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. 2022 ഒക്ടോബറിൽ പ്രയാഗ്‌രാജിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്ത രണ്ട് പേർക്ക് നൽകിയ പുതപ്പുമായി ബന്ധപ്പെട്ടാണ് കേസ്.

ഒരേ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് അപരിചിതരായ യാത്രക്കാർക്ക് ട്രെയിൻ ജീവനക്കാർ ഒരു പുതപ്പും ഒരു തലയിണയും രണ്ട് ബെഡ്‌ഷീറ്റുമാണ് നൽകിയത്. മറ്റൊരു പുതപ്പിനായി ആവശ്യപ്പെട്ടപ്പോൾ ഒരു സീറ്റിൽ ഒരു പുതപ്പ്, ഒരു തലയിണ, രണ്ട് ബെഡ്‌ഷീറ്റ് മാത്രമേ നൽകൂ എന്നതാണ് നിയമമെന്ന് അറ്റൻഡർ നിലപാടെടുത്തു. ടിടിഇയോട് പരാതി പുസ്തകം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല.

യാത്രക്കാരൻ്റെ പരാതിയിൽ 2009 ലെ റെയിൽവേ ബോർഡ് സർക്കുലർ പ്രകാരം എസി ക്ലാസുകളിൽ ആർഎസി യാത്രക്കാർക്കും ബെഡ്‌റോൾ ചാർജ് ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്നുണ്ടെന്നും, അതിനാൽ അവർക്കും ബെഡ്‌റോൾ നൽകാൻ അർഹതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. യാത്രക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്കും ശാരീരിക അസൗകര്യങ്ങൾക്കും പരിഹാരമായി 20,000 രൂപയും, കോടതി ചെലവിലേക്ക് 5,000 രൂപയും ചേർത്ത് ആകെ 25,000 രൂപ നൽകാനാണ് ദില്ലി ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.