Asianet News MalayalamAsianet News Malayalam

നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന്

ജനുവരി 22നാണ് വധശിക്ഷ നടപ്പാക്കുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. 

delhi court issues death warrant against all 4 convicts in nirbhaya case
Author
Delhi, First Published Jan 7, 2020, 4:52 PM IST

ദില്ലി: നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണവാറന്‍റ് ജനുവരി 22ന്  രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കുക. 

പട്യാല ഹൗസ് കോടതിയാണ് മരണവാറന്‍റ് പുറപ്പെടുവിച്ചത്.  അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെയാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്. നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധിയെന്നും അവര്‍ പറഞ്ഞു. 

വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിംഗും പ്രതികരിച്ചു. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്ന ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് വിധിയെന്നും അദ്ദേഹം പറ‌ഞ്ഞു. 

പ്രതികള്‍ക്ക് നിയമനടപടികള്‍ 14 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോടതി പറഞ്ഞു. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‍ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറന്‍റ് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 

മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ സമയം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളുമായി സംസാരിച്ചു. ആ സമയത്ത് നിര്‍ഭയയുടെ മാതാപിതാക്കളും അഭിഭാഷകരും പൊലീസും മാത്രമാണ് കോടതിമുറിയിലുണ്ടായിരുന്നത്. 

കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, ആരാച്ചാരെ ആവശ്യപ്പെട്ട് തീഹാര്‍ ജയിലധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് കത്തയച്ചു. തൂക്കിലേറ്റാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് തീഹാര്‍ ജയിലധികൃതര്‍ വ്യക്തമാക്കി. 2103ല്‍ പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയാണ് തീഹാര്‍ ജയിലില്‍ അവസാനമായി നടന്നത്.

2012 ഡിസംബര്‍ 16നാണ് നിര്‍ഭയ കേസിനാസ്പദമായ കൃത്യം നടന്നത്. രാത്രിയില്‍ ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും തുടര്‍ന്ന് വഴിയിലുപേക്ഷിച്ചു. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. 

Read Also: പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും, തിഹാർ ജയിലിൽ പുതിയ തൂക്കുമരം തയ്യാർ

Follow Us:
Download App:
  • android
  • ios