തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെസിബി എത്തിച്ച് പണികൾ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിക്കുന്ന തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുക.

ദില്ലി: രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച ദില്ലി നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ നാല് പ്രതികളെ ഒരേസമയം തൂക്കിക്കൊല്ലുന്ന രാജ്യത്തെ ആദ്യത്തെ ജയിലായി തിഹാർ മാറും. തിഹാർ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാന്‍ ഉണ്ടായിരുന്നുള്ളു.

തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെസിബി എത്തിച്ച് പണികൾ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിക്കുന്ന തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുക. അതേസമയം, ദയാ ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പ് തിരുത്തല്‍ ഹര്‍ജി നല്‍കാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നാല് പ്രതികളില്‍ മൂന്നു പേര്‍ തിഹാര്‍ ജയില്‍ അധികൃതരോട് പറഞ്ഞിരുന്നു. ഡിസംബർ 18ന് കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെ പിന്നാലെയാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്.

Read More: നിര്‍ഭയ കേസിൽ തൂക്കുകയര്‍ തന്നെ; അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജി തള്ളി

കുറ്റവാളിക്ക് അവസാനമായി സാധ്യമാകുന്ന നിയമ മാര്‍ഗമാണ് തിരുത്തല്‍ ഹര്‍ജി. ഇത് ചേമ്പറിലാണ് സാധാരണയായി പരിഗണിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ ദയാ ഹര്‍ജി സമര്‍പ്പിക്കാനുള്ള നോട്ടീസ് ഡിസംബര്‍ 18ന് പ്രതികള്‍ക്ക് അധികൃതര്‍ അയച്ചിരുന്നു. നിർഭയ കേസിൽ പ്രതികള്‍ക്ക് മരണ വാറന്റ് പുറപ്പെടുവിച്ചതിലുള്ള വാദം പരി​ഗണിക്കുന്നത് പാട്യാല ഹൗസ് കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റിയിരുന്നു.

നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വരുന്നത്. 2012 ഡിസംബർ 16 -ന് രാത്രിയായിരുന്നു ആറുപേർ ചേർന്ന് നിർഭയ എന്ന 23 -കാരിയെ പൈശാചികമായി ബലാത്സം​ഗം ചെയ്തത്.

Read More: 'നിർഭയ'ക്ക് ഏഴാണ്ട്; പ്രതികളുടെ വധശിക്ഷ? സ്ത്രീകള്‍ക്കെതിരെ ഇന്നും തുടരുന്ന അതിക്രമത്തില്‍ നാണംകെട്ട് രാജ്യം

പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിർഭയയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 -ന് നിർഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചിരുന്നു. 

Read More: നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്