പൗരത്വം നേടുന്നതിന് മുൻപ് 1980-ലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ദില്ലി റൗസ് അവന്യു കോടതി നോട്ടീസ് അയച്ചു.
ദില്ലി : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ദില്ലി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും 1980ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി 6ന് പരിഗണിക്കും. മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. 1980-81-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.


