ദില്ലി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സജീവമെന്ന് ദില്ലി സർക്കാർ അവകാശപ്പെടുമ്പോള്‍ താഴേ തട്ടില്‍ ബോധവത്ക്കരണം പോലും നടക്കുന്നില്ല. നഗരത്തോട് ചേര്‍ന്നുള്ള കോളനികള്‍ ഇപ്പോഴും മാലിന്യ കേന്ദ്രങ്ങളാണ്. രാജ്യത്ത് രണ്ട് മരണം നടന്നിട്ടും കൊവിഡ് എന്താണെന്ന് പോലും അറിയാത്തവരും ധാരാളമുണ്ട്. ഈ കോളനികളില്‍ ബോധവൽക്കരണം ഒന്നും നടക്കുന്നില്ലെന്ന് വ്യക്തമാണ്. കൊവിഡ് 19 എന്തെന്ന് അറിയാത്തവരാണ് ഈ കോളനിയില്‍ ഏറെ.

കദീജ എന്ന വീട്ടമ്മയോട് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി എന്താണ് കൊവിഡ്, കൊറോണ വൈറസ് എന്ന് ചോദിച്ചു.  ഇല്ല അറിയില്ല എന്നായിരുന്നു മറുപടി. സോനി എന്ന വീട്ടമ്മ കേട്ടിട്ടുണ്ട്, പക്ഷെ എന്താണ് കൊവിഡ് എന്ന് കൃത്യമായി അറിയില്ല. സൈനി എന്ന കോളനി നിവാസിക്ക് ഒന്നെ പറയാനുള്ളൂ എന്തു മഹാരോഗം വന്നാലും പ്രാർത്ഥന കൊണ്ട് മാറും

മുഹമ്മദ് എന്ന കോളനി നിവാസിക്ക് അധികൃതരുടെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും തൃപ്തിയില്ലായിരുന്നു. ഒരു ആരോഗ്യപ്രവർത്തകനോ സർക്കാർ ഉദ്യോഗസ്ഥരോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ഞങ്ങൾ പണ്ട് പറഞ്ഞ അതെ പ്രശ്നങ്ങൾ അതെപോലെയുണ്ട്. പിന്നെ ബോധവൽക്കരണം ഒന്നും തന്നിട്ടില്ലെന്ന് ഇയാള്‍ പറയുന്നു.

അതീവ ജാഗ്രതനിർദ്ദേശം നല്‍കി മഹാമാരിയെ നേരിടുകയാണ് ദില്ലി. ബോധവൽക്കരണം താഴേ തട്ടിലേക്കെത്തിയിട്ടില്ലെന്ന് ഈ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം. നഗരത്തോട് ചേര്‍ന്നുള്ള ജെ പി കോളനിയിലെ കാഴ്ചകളിലേക്ക്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ മുന്‍സിപ്പല്‍ അധികൃതര്‍ ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പ്രദേശവാസികല്‍ പറയുന്നത്.

ദൈനംദിനാടിസ്ഥാനത്തില്‍ കാര്യങ്ങല്‍ വിലയിരുത്തുന്നുമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവര്‍ത്തിക്കുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും വൈകാതെ എല്ലായിടത്തുമെന്നുമാണ് സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ പ്രതികരണം.