ദില്ലി: കൊവിഡ് ബാധിച്ച് ചികിത്സ തേടുന്ന ദില്ലിക്കാർക്ക് മാത്രം ചികിത്സ നൽകിയാൽ മതിയെന്ന കെജ്രിവാൾ സർക്കാരിന്റെ നിലപാടിനെതിരെ ലഫ്റ്റനന്റ് ഗവർണർ രംഗത്തെത്തി. സർക്കാർ സ്വകാര്യ മേഖലയിലെ 150 ലധികം ആശുപത്രികളിലെ ചികിത്സ ദില്ലിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. പിന്നാലെ നിലപാടിനെ ന്യായീകരിച്ചും ഗവർണറെ വിമർശിച്ചും കെജ്രിവാളും രംഗത്ത് വന്നു.

ദില്ലിയിലെ ആശുപത്രികളിൽ ദില്ലിയിൽ കഴിയുന്ന എല്ലാവർക്കും ചികിത്സ നൽകണമെന്ന് ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു. ചികിത്സ നൽകാതിരിക്കാൻ സാധിക്കില്ലെന്നും അനിൽ ബൈജാൽ നിലപാടെടുത്തു. എന്നാൽ ഈ നിലപാട് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കെജ്രിവാൾ തിരിച്ചടിച്ചു. എല്ലാവർക്കും ചികിത്സ കൊടുക്കാൻ ശ്രമിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് ദില്ലിയിൽ ചികിത്സ നൽകുന്നത് വലിയ വെല്ലുവിളിയാണെന്നും കെജ്രിവാൾ പറഞ്ഞു.

ഡോ. മഹേഷ് വെർമ്മ കമ്മീഷന്‍റെ ശുപാർശപ്രകാരമാണ് ദില്ലിയിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സ ദില്ലിക്കാർക്ക് മാത്രമായി ചുരുക്കിയത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലുള്ള 150 ഓളം ആശുപത്രികളിലാണ് നിയന്ത്രണം. കേന്ദ്രസര്‍ക്കാര്‍  നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബാധകമല്ല. എന്നാല്‍ പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ രോഗികളുടെ  തിരക്ക്  ഒഴിവാക്കാനാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്.