ദില്ലി: ദില്ലി പട്‍പർഗഞ്ച് മണ്ഡലത്തിൽ മാറി മറിഞ്ഞ ലീഡ് നിലകൾക്കൊടുവിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും കെജ്‍രിവാൾ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വിജയിച്ചു. ബിജെപിയുടെ രവീന്ദർ സിംഗ് നേഗിയെയാണ് കനത്ത പോരാട്ടത്തിനൊടുവിൽ സിസോദിയ പരാജയപ്പെടുത്തിയത്. മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് സിസോദിയക്ക് നേടാനായത്.

വോട്ടെണ്ണലിനിടെ പല ഘട്ടങ്ങളിലും സിസോദിയ പിന്നിൽ പോയിരുന്നുവെങ്കിലും അവസാനഘട്ടത്തിൽ മണ്ഡലം തിരികെപ്പിടിക്കുകയായിരുന്നു. പട്‍പർഗഞ്ചടക്കം 62 സീറ്റുകളിൽ നിലവിൽ ആം ആദ്മി പാർട്ടിയാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി എട്ട് സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്.

വിഭജനത്തിന്‍റെ രാഷ്ട്രീയം കളിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പട്‍പർഗഞ്ചിലെ വോട്ടർമാർ പരാജയപ്പെടുത്തിയെന്നായിരുന്നു മനീഷ് സിസോദിയയുടെ ആദ്യ പ്രതികരണം. ആം ആദ്മി സർക്കാരിന്‍റെ അഞ്ച് വർഷത്തെ വികസന നയത്തെ വോട്ടർമാർ സ്വീകരിച്ചുവെന്നും സിസോദിയ വ്യക്തമാക്കി. വിജയത്തിന്‍റെ ആഹ്ളാദപ്രകടനവുമായി റാലി നടത്തുകയാണ് സിസോദിയ ഇപ്പോൾ. 

ആംആദ്മി പാർട്ടിക്ക് ഏറെ നിർണ്ണായകമായ മണ്ഡലമായിരുന്നു പട്‍പർഗഞ്ച്. 1993-ൽ ബിജെപി വിജയിച്ച സീറ്റ് പിന്നീട് കോൺഗ്രസ് കോട്ടയായി മാറി, 2013-ലും 2015-ലും ആ കോട്ട ഭേദിച്ചാണ് സിസോദിയ വിജയം സ്വന്തമാക്കിയത്. ഇത്തവണ പതിവിലും അധികം വിയർപ്പൊഴുക്കേണ്ടി വന്നെങ്കിലും ഒടുവിൽ വിജയം മനീഷ് സിസോദിയയ്ക്ക് തന്നെ.