Asianet News MalayalamAsianet News Malayalam

'ദില്ലിവാലോം, ഐ ലവ്യൂ', ഇത് പുതിയ ഗാന്ധിയൻ രാഷ്ട്രീയത്തിന്‍റെ ഉദയമെന്ന് കെജ്‍രിവാൾ

തന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്‍റെയും ജയമാണിത്. പിറന്നാൾ ആഘോഷിക്കുന്ന സ്വന്തം ഭാര്യയെ ചേർത്തു പിടിച്ച് പ്രവർത്തകരോട് നന്ദി പറഞ്ഞ് കെജ്‍രിവാൾ. 

delhi elections 2020 kejriwal says i love you to delhiites after victory in assembly elections
Author
New Delhi, First Published Feb 11, 2020, 4:01 PM IST

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്ക് അടുക്കവെ പ്രവർത്തകരോടും ദില്ലിയിലെ ജനങ്ങളോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദിയെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ. 'ഐ ലവ്യൂ, ദില്ലിവാലോം' (ദില്ലിക്കാരേ, നിങ്ങളെ ഓരോരുത്തരെയും ഞാൻ സ്നേഹിക്കുന്നു) എന്ന് പറഞ്ഞുകൊണ്ട്, ഫ്ലൈയിംഗ് കിസുമായി സംസാരിച്ചു തുടങ്ങിയ കെജ്‍രിവാൾ ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്ന് പറഞ്ഞു. ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്‍റെ കാലമാണിനി. രാഷ്ട്രീയ എതിരാളികളെയോ എതിർപ്രചാരണങ്ങളെയോ പരാമർശിക്കാതെ, എല്ലാവരോടും സ്നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്‍രിവാളിന്‍റെ പ്രസംഗം.

'ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ഇങ്ക്വിലാബ് സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു കെജ്‍രിവാളിന്‍റെ പ്രസംഗം. അതിന്‍റെ ഏകദേശപരിഭാഷ ഇങ്ങനെ:

'എല്ലാവർക്കും നന്ദി. ദില്ലി വാലോം, ഐ ലവ്യൂ. ഉമ്മ. നന്ദി. മൂന്നാം തവണയും ഈ മകനിൽ വിശ്വാസമർപ്പിച്ചതിന് നന്ദി. ഇത് ദില്ലി വാസികളുടെ മൊത്തം വിജയമാണ്. എല്ലാ കുടുംബങ്ങളുടെയും വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ട് നൽകിയല്ലോ, എന്നെ സ്നേഹിച്ചല്ലോ. 

ഇതെന്‍റെ മാത്രം വിജയമല്ല.  മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്‍റെ ഉദയം. ദില്ലിക്കാർ രാജ്യത്തോട് ഒരു പുതിയ സന്ദേശം നൽകുകയാണ്.

ഇനി സ്കൂളുണ്ടാക്കുന്നവർക്കാണ് വോട്ട്. മൊഹല്ല ക്ലിനിക്കുണ്ടാക്കിയവർക്കാണ് വോട്ട്. 24 മണിക്കൂർ വൈദ്യുതി നൽകിയവർക്കാണ് വോട്ട്. റോഡ് തന്നവർക്ക്, വൈദ്യുതിയും വെള്ളവും തന്നവർക്കാണ് വോട്ട്. 

ഇത് രാജ്യത്തിന്‍റെ വിജയം, ഭാരത് മാതാവിന്‍റെ ജയം. ഇന്ന് ചൊവ്വാഴ്ചയാണ്. ഭഗവാൻ ഹനുമാന്‍റെ ദിവസം. ഇത് ഹനുമാൻജിയുടെ അനുഗ്രഹമാണ്. അദ്ദേഹം ദില്ലിക്ക് മേൽ കൃപ ചൊരിയുന്നു.

അടുത്ത അഞ്ച് വർഷവും ദില്ലി കുടുംബത്തിലെ നമ്മളെല്ലാം ചേർന്ന് ദില്ലിയെ സുന്ദരനഗരമാക്കും. എല്ലാ പ്രവർത്തകർക്കും ഹൃദയം തൊട്ട നന്ദി

എന്‍റെ കുടുംബത്തിനും നന്ദി. എന്‍റെ ഭാര്യയുടെ ജന്മദിനം കൂടിയാണിന്ന്.

എല്ലാവരും തയ്യാറല്ലേ?

ഭാരത് മാതാ കീ ജയ്, ഇങ്ക്വിലാബ് സിന്ദാബാദ്, വന്ദേ മാതരം''
 

Follow Us:
Download App:
  • android
  • ios