ദില്ലി: രാജ്യതലസ്ഥാനത്തെ അക്ഷർധാം ക്ഷേത്രത്തിനടുത്ത് പൊലീസിന് നേരെ നാലംഗ സംഘം വെടിയുതിർത്തു. കാർ നിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഇവർ പൊലീസിന് നേരെ വെടിയുതിർത്തത്. പൊലീസ് പ്രത്യാക്രമണം നടത്തിയപ്പോൾ സംഘം കാർ ഓടിച്ച് കടന്നുകളഞ്ഞു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഘത്തെ ദില്ലിയിലെ ഗീതാ കോളനി ഫ്ലൈ ഓവർ വരെ പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ലെന്ന് ദില്ലി ഈസ്റ്റ് ഡിസിപി ജസ്‌മീത് സിംഗ് പറഞ്ഞു. കാർ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായില്ല.

എന്നാൽ നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സംഘം മോഷ്ടാക്കളാണെന്നാണ് നിഗമനം. ദില്ലി മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടാക്സി സർവ്വീസ് വാഗ്‌ദാനം ചെയ്ത് കൊണ്ടുപോയ ശേഷം പിടിച്ചുപറി നടത്തുന്ന സംഘമാണ് ഇവരെന്ന് ഡിസിപി പറഞ്ഞു.