Asianet News MalayalamAsianet News Malayalam

Delhi government| യമുനാ നദി വൃത്തിയാക്കാൻ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സർക്കാർ

ദില്ലിയിൽ തണുപ്പ് കൂടിയതിന് പിന്നാലെ യമുനാ നദിയിൽ വിഷപ്പത രൂപപ്പെട്ടിരുന്നു. കക്കൂസ് മാലിന്യവും സോപ്പും കുടിച്ചേർന്നാണ് പത രൂപപ്പെടുന്നതെന്ന് വിദഗ്ധർ കണ്ടെത്തി. 

delhi government announce plan to clean yamuna river
Author
Delhi, First Published Nov 18, 2021, 3:18 PM IST

ദില്ലി: യമുനാ നദി (Yamuna River) വൃത്തിയാക്കാൻ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സർക്കാർ (delhi government ) 2025 ഫെബ്രവരിയോട് കൂടി പദ്ധതി പൂര്‍ത്തിയാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. യമുനാ നദി നിലവിലെ അഴുക്കുനിറഞ്ഞ അവസ്ഥയിലേക്ക്  എത്തിയത് 70 വര്‍ഷങ്ങള്‍ കൊണ്ടാണ്. രണ്ടുദിവസം കൊണ്ട് നദിയെ വൃത്തിയാക്കാന്‍ സാധിക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് നദി വൃത്തിയാക്കുമെന്ന് കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് താന്‍ വാക്കുനല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി ആറിന പദ്ധതികള്‍ നടപ്പിലാക്കാന്‍ പോവുകയാണെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.

മലിനജല ശുദ്ധീകരണ പ്ലാൻറുകൾ നിർമ്മിക്കാനും നിലവിലുള്ള പ്ലാൻറുകളുടെ ശേഷി വർധിപ്പിക്കാനുമാണ് തീരുമാനം. പഴയ പ്ലാൻറുകളുടെ സാങ്കേതികവിദ്യ മാറ്റും. ജുഗ്ഗി,ജോപ്രി ക്ലസ്റ്ററുകളിൽ നിന്ന് നദികളിലേക്ക് ഒഴുകുന്ന മാലിന്യം അഴുക്കുചാലിൽ ലയിപ്പിക്കും. ചില പ്രദേശങ്ങളിൽ ആളുകൾ മലിനജലം പുറന്തള്ളുന്നതിനുള്ള കണക്ഷനുകൾ എടുത്തിട്ടില്ല. അത്തരം സ്ഥലങ്ങളിൽ നാമമാത്രമായ നിരക്കിൽ കണക്ഷനുകൾ സ്ഥാപിക്കും. അഴുക്കുചാലുകൾ ശുദ്ധീകരിക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ദില്ലിയിൽ തണുപ്പ് കൂടിയതിന് പിന്നാലെ യമുനാ നദിയിൽ വിഷപ്പത രൂപപ്പെട്ടിരുന്നു. കക്കൂസ് മാലിന്യവും സോപ്പും കുടിച്ചേർന്നാണ് പത രൂപപ്പെടുന്നതെന്ന് വിദഗ്ധർ കണ്ടെത്തി. അഞ്ച് വർഷത്തിനുള്ളിൽ എഎപി യമുനാ നദി ശുദ്ധിയാക്കുമെന്നാണ് അരവിന്ദ് കെജ്രിവാളിന്‍റെ പ്രഖ്യാപനം. 

അതേസമയം ദില്ലിയിലെ വായുമലിനീകരണം തടയാനാകാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി വീണ്ടും വിമര്‍ശിച്ചു. ദില്ലിയിലെ വായുമലിനീകരണം തടയാൻ നടപടികളെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്.  ഉദ്യോഗസ്ഥർ ഒരു നടപടിയും എടുക്കുന്നില്ലെന്നും കോടതിയുടെ നിർദ്ദേശം വരുന്നതുവരെ കാത്തിരിക്കുകയാണെന്നും കോടതി വിമർശിച്ചു. ദില്ലിയിലെ വായു മലിനീകരണത്തിന് കാരണം കർഷകർ വൈക്കോൽ കത്തിക്കുന്നതല്ലെന്ന് കേന്ദ്രവും മലിനീകരണത്തിന്‍റെ പ്രധാന കാരണം ഇത് തന്നെയാണെന്ന് ദില്ലി സർക്കാരും കോടതിയിൽ ആവർത്തിച്ചു. 

കഴിഞ്ഞ തവണ വായുമലിനീകരണത്തിന് കാരണം കർഷകരല്ലെന്ന് കോടതിയിൽ പറഞ്ഞതിനെ ചില  മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരുന്ന് കർഷകർ വൈക്കോൽ കത്തിക്കുന്നതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ കോടതി എന്തുകൊണ്ട് കര്‍ഷകര്‍ക്ക് വൈക്കോൽ കത്തിക്കേണ്ടിവരുന്നു എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. വൈക്കോൽ കത്തിക്കുന്നതിന് കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കലും പരിഹാരമല്ല. കര്‍ഷകരെ ബോധ്യപ്പെടുത്തി വൈക്കോൽ കത്തിക്കുന്നതിന് പകരം സംസ്കരണവും അത് നീക്കം ചെയ്യലുമാണ് ഇവിടെ ആലോചിക്കേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

മലിനീകരണം തടയാൻ ദില്ലി അടച്ചിടുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കേന്ദ്രം കോടതിയിൽ വാദിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ആകില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. പകരം വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി. കൂടുതൽ നിയന്ത്രണങ്ങൾ ഉറപ്പാക്കി മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദില്ലി, ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു. അടുത്തയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുന്ന കോടതി തുടർനടപടികൾ വിലയിരുത്തും. 

Follow Us:
Download App:
  • android
  • ios