വിനയ് ശര്‍മ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്നില്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദില്ലി സര്‍ക്കാര്‍ ദയാഹര്‍ജിയെ എതിര്‍ത്തതോടെ ഈ ഫയല്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്

ദില്ലി: രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ദില്ലി കൂട്ടബലാത്സംഗ കേസിലെ ഒരു പ്രതി നല്‍കിയ ദയാഹര്‍ജിയെ എതിര്‍ത്ത് ദില്ലി സര്‍ക്കാര്‍. നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജിയാണ് ഒരു കാരണവശാലും അനുവദിക്കരുതെന്ന് ദില്ലി സര്‍ക്കാര്‍ നിലപാടെടുത്തത്. ഇത് സംബന്ധിച്ച ഫയല്‍ ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബയ്‍ജാലിന് അയച്ചു കഴിഞ്ഞതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിനയ് ശര്‍മ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്നില്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദില്ലി സര്‍ക്കാര്‍ ദയാഹര്‍ജിയെ എതിര്‍ത്തതോടെ ഈ ഫയല്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഏറ്റവും ഹീനമായ കുറ്റകൃത്യമെന്നാണ് വിനയ് ശര്‍മയുടെ പ്രവര്‍ത്തിയെ സര്‍ക്കാര്‍ ഫയലില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരുകാരണവശാലും വിനയ് ശര്‍മയ്ക്ക് ദയാഹര്‍ജി നല്‍കരുതെന്നും അതിനെ എതിര്‍ക്കുന്നുവെന്നും സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. 2012 ഡിസംബറിലാണ് രാജ്യത്ത് ആകെ പ്രതിഷേധം അലയടിച്ച ക്രൂരകൃത്യം നടന്നത്. രാത്രി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. സിങ്കപ്പൂരില്‍ വിദഗ്ധ ചികിത്സ തുടരുന്നതിനിടെ 2012 ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി