Asianet News MalayalamAsianet News Malayalam

ദില്ലി ഗാർഗി കോളേജിലെ അതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

കേസില്‍ 10 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും ഇവർക്ക് തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചു. ദില്ലി സാകേത് കോടതിയാണ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്

Delhi HC hear plea seeking CBI probe into Gargi college incident, issues notice to center
Author
Delhi, First Published Feb 17, 2020, 11:29 AM IST

ദില്ലി: ഗാർഗി കോളേജിൽ പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. സിബിഐ, ദില്ലി പൊലീസ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. കോളേജ് ഫെസ്റ്റിനിടെ കോളേജിലേക്ക് അതിക്രമിച്ച് കടന്ന സംഘം പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 

കേസില്‍ 10 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും ഇവർക്ക് തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചു. ദില്ലി സാകേത് കോടതിയാണ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തർക്കും ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായി ഒരു ദിവസത്തിനുള്ളില്‍ തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നത് ഞെട്ടിക്കുന്നതാണ്. കോളേജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. ഐപിസി 452,354,509,32 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കേസില്‍ 11 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാര്‍ ക്യാംപസിനകത്ത് എത്തി പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും ബാത്ത്റൂമുകളില്‍ അടച്ചിട്ടതായും പെണ്‍കുട്ടികളെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും ഗാര്‍ഗി കോളേജിലെ ഒരു വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന ഉടൻ വിദ്യാർത്ഥിനികൾ പരാതിയുമായി കോളേജ് അധികൃതരെ കണ്ടു. എന്നാൽ നടപടിയുണ്ടായില്ല.  സാമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികൾ ദുരനുഭവം വിശദീകരിച്ചു. പാർലമെന്റിലെ ഇരുസഭകളിലും സംഭവം ചർച്ചയായി. പിന്നാലെ ദില്ലി പോലീസ് കേസെടുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios