കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സ്ഥാപകൻ അഭിജിത്ത് ദീപ്കെ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ചു.  

ദില്ലി : കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സ്ഥാപകൻ അഭിജിത്ത് ദീപ്കെ നൽകിയ ഹർജിയിൽ അടിയന്തര ഇടപെടലില്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ സർക്കാരിന്റെ ഭാഗം കേട്ടതിനുശേഷം മാത്രമേ അത്തരം ആശ്വാസം അനുവദിക്കാൻ കഴിയൂവെന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് വ്യക്തമാക്കി. വിലക്കിനെതിരെയുള്ള പരാതി അടിയന്തരമായി പരിശോധിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി. കേന്ദ്ര സർക്കാരിന് നോട്ടീസ് അയയ്ക്കുകയും കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 6 ലേക്ക് മാറ്റുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രാലയത്തിന്റെ റിവ്യൂ കമ്മിറ്റിക്ക് മുൻപിൽ ഹർജിക്കാരനായ അഭിജിത്ത് ദീപ്കെയോട് വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കേന്ദ്ര സർക്കാരിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനും കോടതി നോട്ടീസ് അയച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐടി ആക്ട് സെക്ഷൻ 69(എ) പ്രകാരമാണ് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം അഭിജിത്ത് ദീപ്കെയുടെ അക്കൗണ്ട് മരവിപ്പിച്ചത്. തനിക്ക് പറയാനുള്ളത് കേൾക്കാതെ എടുത്ത നടപടി സ്വാഭാവിക നീതിയുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജനപ്രിയ രാഷ്ട്രീയ ഹാസ്യ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് കേന്ദ്ര സർക്കാർ ഇന്ത്യയിൽ മരവിപ്പിച്ചത്. 2026 മേയ് മൂന്നാം വാരത്തോടെയാണ് ഈ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. ബിജെപിയുടെ എക്സ് അക്കൗണ്ടിനേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഈ അക്കൗണ്ട് തരംഗമായി മാറിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കമുണ്ടായത്.