ദില്ലിയിൽ രാഹുൽ ഗാന്ധി, സിജെപി നേതാക്കൾ തുടങ്ങിയവരുടെ കോലങ്ങൾ കത്തിച്ച് 'ലാൽ ഹിറ്റ് ജനതാ പാർട്ടി'. ഒരു കൂട്ടം ആളുകളാണ് കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ-ചിത്ര വിഹാർ സിഗ്നലിൽ കോലങ്ങൾ കത്തിച്ചത്.

ദില്ലി: ദസ്റ ആഘോഷങ്ങൾക്കിടെ ദില്ലിയിൽ രാഹുൽ ഗാന്ധി, സിജെപി നേതാക്കൾ തുടങ്ങിയവരുടെ കോലങ്ങൾ കത്തിച്ച് പ്രതിഷേധം. തങ്ങൾ 'ലാൽ ഹിറ്റ് ജനതാ പാർട്ടി' അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ-ചിത്ര വിഹാർ സിഗ്നലിൽ കോലങ്ങൾ കത്തിച്ചത്. രാഹുൽ ഗാന്ധി, സിജെപി നേതാക്കളായ അഭിജിത് ഡിപ്കെ, സൗരഭ് ദാസ്, യൂട്യൂബർ ധ്രുവ് റാഠി, നടന്മാരായ നസീറുദ്ദീൻ ഷാ, പ്രകാശ് രാജ്, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരുടെ കോലങ്ങൾക്കാണ് തീയിട്ടത്. ഇവർ രാജ്യവിരുദ്ധരാണെന്നാണ് ലാൽ ഹിറ്റ് ജനതാ പാർട്ടി പ്രവർത്തകരുടെ ആരോപണം.

"ഇവർക്ക് ജനാധിപത്യത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷനിലോ പോലീസിലോ ചീഫ് ജസ്റ്റിസിലോ ഒരു സർക്കാർ സംവിധാനങ്ങളിലോ വിശ്വാസമില്ല. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും രാജ്യം ഭരിക്കാനാണ് ഇവർ ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും അധികാരം പിടിച്ച് പ്രധാനമന്ത്രിയാകുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇവർക്കുള്ളൂ-" ലാൽ ഹിറ്റ് ജനതാ പാർട്ടി അംഗം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സിജെപിയെ കായികമായും ആശയപരമായും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അംഗത്വ പ്രചാരണം സജീവമാക്കിയിരിക്കുകയാണ് ലാൽ ഹിറ്റ് ജനത പാർട്ടി എന്ന കൂട്ടായ്മ. സിജെപി ഇനി പ്രതിഷേധിച്ച് നിരത്തിലിറങ്ങിയാൽ കായികമായി നേരിടുമെന്ന് ലാ‍ൽ ഹിറ്റ് ജനത പാർട്ടി ഭീഷണി മുഴക്കിയിട്ടുണ്ട്. തീവ്ര വലത് ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന് ആരോപണമുയർന്ന കൂട്ടായ്മ, സിജെപി സമരത്തിനെതിരെ പ്രതിഷേധിച്ച ദില്ലിയിലെ വ്യാപാരികളെ കൂടി ഒപ്പം ചേർത്ത് നീങ്ങാനാണ് ശ്രമിക്കുന്നത്.

അതിനിടെ, ശ്രീ കേശവ് രാംലീല കമ്മിറ്റിയുടെ നേതൃത്വത്തിലും കോലം കത്തിക്കൽ നടന്നു. ദില്ലി മന്ത്രി കപിൽ മിശ്ര പാറ്റ രൂപത്തിന് തീ കൊളുത്തി. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള ഒരു പാറ്റയുടെ കോലവുമാണ് കത്തിച്ചത്. പാറ്റ കൂട്ടം രാജ്യത്ത് അരക്ഷിതാവസ്ഥ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് കപിൽ മിശ്ര പറഞ്ഞു. കമ്മ്യൂണിസം, നക്സലിസം, ജിഹാദി, ദേശദ്രോഹി, രാമവിരോധി എന്നിവയുടെ കൂട്ടമാണ് പാറ്റകളെന്ന് കപിൽ മിശ്ര ആരോപിച്ചു. ഇക്കൂട്ടരെ രാവണനൊപ്പം ദഹിപ്പിക്കണമെന്നും അതാണ് ഇന്നിവിടെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.