ബോളിവുഡ് താരം ടൈഗർ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പ് കേസിൽ ആയുധം എത്തിച്ച രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ കൂടി പിടിയിലായി. ലോറൻസ് ബിഷ്ണോയി സംഘാംഗത്തിന്റെ നിർദേശപ്രകാരം വാടക കൊലയാളികളെ ഏർപ്പാടാക്കിയ മുഖ്യപ്രതി സമീറും അറസ്റ്റിലായിട്ടുണ്ട്.
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൂടി പിടിയിൽ. പ്രതികൾക്ക് ആയുധം എത്തിച്ചു നൽകിയ രണ്ട് യുവതികൾ ഉൾപ്പെടെയാണ് പിടിയിലായത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയ പ്രതികളെ മുംബൈ പൊലീസിന് കൈമാറി. കുനാൽ (21), സുമിത്ത് (19), രാധ (23), ബബിത (23) എന്നിവരാണ് ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമായി പിടിയിലായത്. കുനാലും സുമിത്തും അമൃത്സറിൽ നിന്ന് തോക്ക് വാങ്ങി യുവതികളെ ഏൽപ്പിച്ചു. യുവതികൾ മുംബൈയിലെ ദാദറിൽ വച്ചാണ് തോക്ക് കൈമാറിയത്. പ്രതികൾ ബോളിവുഡിലെ ഒരു ഉന്നതനെ ലക്ഷ്യം വെച്ചതായും പൊലീസ് പറയുന്നു.
ടൈഗർ ഷറോഫിന് നേരെയുണ്ടായ വെടിവയ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. വാടക കൊലയാളികളെ ഏർപ്പെടുത്തിയ സമീറാണ് ഹരിയാനയിൽ പിടിയിലായത്. ഇതിനിടെ രാജസ്ഥാനിൽ പിടിയിലായ മൂന്ന് പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലേക്ക് തിരിച്ചു. ടൈഗർ ഷറോഫിനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറാണ് ഹരിയാന പൊലീസിന്റെ പിടിയിലായത്. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശ പ്രകാരം സമീറാണ് ആക്രമണത്തിന് ആസൂത്രണം ചെയ്തത്.
അമൃത്സറിൽ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂൽസിങിനെയും ആക്രമണത്തിനായി തെരഞ്ഞെടുത്തു. 35000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തു. ഇരുവരും മുംബൈയിലെത്തിയ ശേഷം ഓണ്ലൈൻ ടാക്സി ഡ്രൈവറായ റിതികിനെയും സംഘത്തിൽ ചേർത്തു. മൂവർ സംഘം അനിൽ പണ്ഡിറ്റ് യുഎസിൽ നിന്നയച്ച പണം ഒരു കടയിൽ നിന്നും കൈപ്പറ്റി. തോക്കുകൾ മുംബൈയിലെ ഒരു കുപ്പത്തൊട്ടിയിലുണ്ടെന്ന് സമീർ പ്രതികളെ അറിയിച്ചു. പത്ത് ദിവസത്തോളം ടൈഗർ ഷ്റോഫിനെ പിന്തുടർന്ന ശേഷം ഞായറാഴ്ച്ച രാത്രി ആക്രമണം.


