ഏത് പാർട്ടിയുടെ ആളാണ് മുന്നിൽ നിൽക്കുന്നത് എന്നത് വിഷയല്ല. കോടതിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്നും ജഡ്ജി

മദ്യ നയക്കേസിൽ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോതി തള്ളി. കോടതി തീരുമാനം ആംഅആദ്മി പാര്‍ട്ടിക്കും ദില്ലി മുഖ്യമന്ത്രിക്കും തിരിച്ചടിയായി. സഞ്ജ‍യ് സിംഗിന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ കെജ്രിവാളിന്‍റെ കുരുക്കും അഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ദില്ലിയില്‍ ഭരണ പ്രതിസന്ധിയെന്ന വാദം ശക്തമാക്കാന്‍ കെജ്രിവാള്‍ ജയിലില്‍ തുടരട്ടെയെന്ന കോടതിയുടെ നിലപാട് ബിജെപി ആയുധമാക്കും.

അറസ്റ്റ് നിയമ വിരുദ്ധമാണ്, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴത്തെ അറസ്റ്റ് ഗൂഢലക്ഷ്യത്തോടെയുള്ളതാണ്, രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ്, ഒരു തെളിവുമില്ലാതെയാണ് അറസ്റ്റു ചെയ്തത് തുടങ്ങിയ വാദങ്ങളാണ് കോടതിയിൽ പ്രതിഭാഗം ഉന്നയിച്ചത്. കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കി പിന്നീട് ഇലക്ട്രല്‍ ബോണ്ട് കൈപ്പറ്റിയത് തുടക്കം മുതല്‍ ഉന്നയിച്ച് മദ്യനയത്തിന്‍റെ ഉപഭോക്താക്കള്‍ ബിജെപിയാണെന്ന വാദം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. ഈ വാദങ്ങൾ തള്ളിയ കോടതി രാഷ്ട്രീയമായി കൂടി ആംആദ്മി പാര്‍ട്ടിക്ക് മറുപടി നല്‍കുകയായിരുന്നു. 

ഇലക്ടറൽ ബോണ്ടോ ആര് എവിടെ സ്ഥാനാര്‍ത്ഥിയാകുന്നുവെന്നതോ പരിഗണന വിഷയമല്ലെന്ന് കോടതി വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുടെ പ്രതിരോധം ഇതോടെ ദുര്‍ബലമായി. സഞ്ജയ് സിംഗിന് ജാമ്യം കിട്ടിയത്. കെജ്രിവാളിനും അനുകൂല അന്തരീക്ഷമൊരുക്കുമെന്ന് ആംആദ്മി പാര്‍ട്ടി കരുതിയിരുന്നു. സഞ്ജയ് സിംഗിനെതിരെ തെളിവില്ലെന്ന കോടതി വാദം കെജ്രിവാളിനും ബാധകമാണെന്നായിരുന്നു ആപിന്‍റെ വാദം. അതിന്‍റെ അടിസ്ഥാനത്തില്‍ കെജ്രിവാളിനും ഉടന്‍ പുറത്തിറങ്ങാനാകുമെന്ന് ആംആദ്മി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു.

കെജ്രിവാളിന് അനുകൂലമായിരുന്നു കോടതി വിധിയെങ്കില്‍ ഇന്ത്യ സഖ്യത്തിനും അത് വലിയ ആശ്വാസമാകുമായിരുന്നു. തെളിവില്ലാതെ നേതാക്കളെ ജയിലിലടക്കുന്നുവെന്ന വാദത്തിന് അത് ബലം പകര്‍ന്നേനെ. തെരഞ്ഞെടുപ്പിലും അത് ഗുണം ചെയ്യുമായിരുന്നു. എന്നാൽ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ബിജെപി ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജയിലില്‍ കിടന്ന് കെജരിവാള്‍ ഭരണം തുടരുമെന്ന ആപിന്‍റെ നിലപാട് ദില്ലിയില്‍ ഭരണ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് ബിജെപി ആവർത്തിക്കുന്നത്. രാഷ്ട്രപതി ഭരണത്തിന് ചരട് വലിക്കുന്ന ബിജെപിക്ക് തങ്ങളുടെ നടപടികളുടെ വേഗം കൂട്ടാന്‍ കോടതി നിലപാട് അവസരമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്