ദില്ലി: കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ഫലം നെഗറ്റീവ്. അർധരാത്രിയോടെ ശ്വാസതടസവും പനിയും അനുഭവപ്പെട്ട സത്യേന്ദ്ര ജെയിനെ ദില്ലി രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ജെയിന് ഓക്സിജൻ സഹായം നൽകി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ദില്ലിയിലെ  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലഫ്.ഗവർണർ അനിൽ ബയ്ജാൽ ഉൾപ്പെടെയുള്ളവരുമായി ജെയിൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അരവിന്ദ് കെജ്രിവാളിനൊപ്പമാണ് ജെയിൻ അമിത് ഷാ വിളിച്ച യോഗത്തിനെത്തിയത്.

ഇതിനിടെ ദില്ലിയിൽ  കൊവിഡ് ചികിത്സക്ക് ഹോട്ടലുകൾ  ഏറ്റെടുത്ത് സ്വകാര്യ ആശുപത്രികളുടെ ഭാഗമാക്കാൻ നടപടി തുടങ്ങി. ന്യൂഫണ്ട്സ് കോളനിയിലെ പഞ്ചനക്ഷത്രഹോട്ടലായ സൂര്യ ദില്ലി ഹോളി ഫാമിലി ആശുപത്രിയുടെ ചികിത്സ കേന്ദ്രമാക്കും. നടപടിക്കെതിരെ ഹോട്ടൽ അധികൃതർ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് തള്ളി. ആരോഗ്യപ്രവർത്തകരുടെ പരാതിയും ദില്ലി സർക്കാരിന് വെല്ലുവിളിയാവുകയാണ്. ദില്ലിയിലെ പ്രെമിസ് ആശുപത്രിയിൽ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം തുടങ്ങി