ദില്ലി: കൊവിഡ് രോഗം സ്ഥിരീകരിച്ച ദില്ലി ആരോഗ്യമന്ത്രിയുടെ നില അതീവഗുരുതരമായെന്ന് റിപ്പോർട്ടുകൾ. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി സതേന്ദ്ര ജെയിനിൻ്റെ അവസ്ഥയാണ് വഷളായത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന് ശ്വസനതടസം നേരിടുകയും തുടർന്ന് ഓക്സിജൻ സപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യനില പാടെ വഷളായത്. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന് കടുത്ത പനി നേരത്തെ തന്നെയുണ്ടായിരുന്നു.

ദില്ലിയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യേന്ദ്ര ജെയിനിനെ ദില്ലിയിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന. സതേന്ദ്ര ജെയിൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.