ദില്ലി : നിസാമുദ്ദീനിലെ മര്‍ക്കസില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കണമെന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തിനെതിരെ ദില്ലി ഹൈക്കോടതി.  മറ്റ് ആരാധനാലയങ്ങളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ ദില്ലി മര്‍ക്കസില്‍ മാത്രം ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെങ്ങനെയാണെന്ന് ദില്ലി ഹൈക്കോടതി തിങ്കളാഴ്ച ചോദിച്ചത്. ഇരുനൂറ് പേരുടെ പട്ടികയില്‍ നിന്ന് 20 പേര്‍ക്ക് മാത്രമാണ് മര്‍ക്കസില്‍ പ്രവേശനം അനുവദിക്കാന്‍ പാടുള്ളുവെന്നായിരുന്നു കൊവിഡ് പ്രതിരോധത്തിനായുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളിലുണ്ടായിരുന്നത്.

മറ്റ് ആരാധനാലയങ്ങളില്‍ ഇങ്ങനെ വിശ്വാസികളുടെ എണ്ണം പറയുന്നില്ല. അവര്‍ മാത്രം ലിസ്റ്റിലുള്ള ഇരുപത് പേര്‍ മാത്രമെന്ന് പറയുന്നത് എങ്ങനെയാണ്. അതൊരു പൊതുസ്ഥലമല്ലേയെന്ന് ദില്ലി ഹൈക്കോടതി ജസ്റ്റിസ് മുക്ത ഗുപ്ത നിരീക്ഷിച്ചത്. ഇരുനൂറ് പേരുടെ പട്ടികയില്‍ നിന്ന് വേരിഫൈ ചെയ്ത ഇരുപത് പേരുടെ പട്ടിക മര്‍ക്കസ് മാനേജ്മെന്‍റ് വ്യക്തമാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാമെന്ന നിലപാടിലേക്ക് കേന്ദ്രമെത്തി. എന്നാല്‍ ഈ അനുമതി ധാരണകളുടെ പുറത്താണെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ മോസ്ക് മാനേജ്മെന്‍റിന് ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

ദൈനംദിന പ്രവര്‍ത്തനങ്ങളേക്കുറിച്ച് മര്‍ക്കസ് അധികൃതര്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും കേന്ദ്രം വിശദമാക്കി. മര്‍ക്കസിനുള്ളില്‍ എത്തിയ വിശ്വാസികളുടെ പേരുവിവരം അടക്കമുള്ള വിവരങ്ങള്‍ പൊലീസിന്  നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡ് മഹാമാരി രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സമയത്ത് ദില്ലിയിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗി ജമാഅത്ത് യോഗം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് 31 ന് അടച്ചിട്ട മോസ്ക് തുറക്കാന്‍ അനുമതി തേടി വഖഫ് ബോര്‍ഡാണ് കോടതിയെ സമീപിച്ചത്. രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്.