ദില്ലി: ദില്ലി കലാപത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദില്ലി പൊലീസിന്  ഹൈക്കോടതി നിർദേശം നല്‍കി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടെ  വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം  കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും പൊലീസും പരാജയപ്പെട്ടെന്ന ആക്ഷേപം രൂക്ഷമാകുന്നതിനിടെ ചാന്ദ്ബാഗില്‍ നിന്നുള്ള  കലാപത്തിന്‍റെ ദൃശ്യങ്ങള്‍ ദില്ലി പൊലീസ് പുറത്തുവിട്ടു. 

കലാപം നിയന്ത്രിക്കാന്‍  തുടക്കം മുതല്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കാനാണ് ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. കല്ലേറും, വെടിയൊച്ചയും വ്യക്തമായ ദൃശ്യങ്ങളില്‍ ജനങ്ങളോട് പിരി‍ഞ്ഞുപോകാന്‍ പൊലീസ് മൈക്കിലൂടെ ആവശ്യപ്പെടുന്നതും കേള്‍ക്കാം. പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെയും, ഹര്‍ഷ് മന്ദറിന്‍റെയും അനുയായികള്‍ ഭരണഘടന സംരക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ബിജെപി വക്താവ് സമ്പീത് പത്ര ട്വിറ്ററില്‍ പരിഹസിച്ചു.