ദില്ലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദില്ലിയിൽ ലോക്ക് ഡൌണ് പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലി ഹൈക്കോടതി അടച്ചിട്ടു. ഏപ്രിൽ നാല് വരെയാണ് ദില്ലി ഹൈക്കോടതിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതി കൂടാതെ ദില്ലിയിലെ എല്ലാ ജില്ലാ കോടതികളും ഏപ്രിൽ നാല് വരെ അടച്ചിടും. അടിയന്തര സ്വഭാവമുള്ള കേസുകൾ ഇതിനിടയിൽ വന്നാൽ വീഡിയോ കോണ്ഫറൻസ് വഴി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ സുപ്രീംകോടതിയും അടച്ചിരുന്നു. 

അതിനിടെ സഭാ നടപടികൾ പൂർത്തിയാക്കി ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു. രാജ്യത്തെല്ലായിടത്തും കൊവിഡ് ബാധയുണ്ടാവുകയും പാർലമെൻ്റെ അംഗങ്ങളിൽ ചിലർ കൊവിഡ് നീരിക്ഷണത്തിലാവുകയും ചെയ്തിട്ടും പാർലമെൻ്റെ നടപടികൾ തുടരുന്നതിൽ തുടരുന്നതിൽ എംപിമാർ തന്നെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. രാജ്യസഭയും അൽപസമയത്തിനകം നടപടികൾ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിയും. അതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ധനസഹായമായി ദില്ലി സർക്കാർ 50 കോടി വകയിരുത്തി.