ജന്തർ മന്തറിലെ പ്രതിഷേധത്തിൽ സിജെപി നേതാക്കൾക്കെതിരെ ദില്ലി ഹൈക്കോടതി. അനുമതിയില്ലാതെ എന്തിനാണ് ജന്തർ മന്തറിൽ പോയതെന്ന് ഹൈക്കോടതി സിജെപി നേതാക്കളോട് ചോദിച്ചു.
ദില്ലി: ജന്തർ മന്തർ പ്രതിഷേധത്തിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) നേതാക്കൾക്ക് ദില്ലി ഹൈക്കോടതിയുടെ വിമർശനം. അനുമതിയില്ലാതെ എന്തിനാണ് ജന്തർ മന്തറിൽ പോയതെന്ന് ഹൈക്കോടതി സിജെപി നേതാക്കളോട് ചോദിച്ചു. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കേസ് ഇന്ന് പരിഗണിക്കാനിരിക്കെ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ചോദിച്ചു.
സൗരവ് ദാസും അശുതോഷ് രങ്കയും ജെൻസിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബോണ്ട് വ്യവസ്ഥ നേതാക്കൾ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ കോടതി, ആദ്യ ബോണ്ട് വ്യവസ്ഥയുടെ ലംഘനം തന്നെ ഭീഷണിയായി കണക്കാനുള്ള കാരണമല്ലേ എന്നും ചോദിച്ചു. മജിസ്ട്രേറ്റിന്റെ സ്ഥാനത്തിരുന്ന് മറ്റൊരു തരത്തിലെങ്ങനെ കാര്യങ്ങളെ കാണാനാകുമെന്നും കോടതി സിജെപി നേതാക്കളോട് ചോദിച്ചു.
അതേസമയം ജുഡീഷ്യൽ കസ്റ്റഡി ചോദ്യം ചെയ്ത് ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി സൗരവ് ദാസും അശുതോഷ് രങ്കയും പിൻവലിച്ചു. കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഹർജി പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന വാദം കേട്ടശേഷം തുടർ നിയമനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഇരുവരും അറിയിച്ചു.
അതിനിടെ, ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹ ബോറയുടെ ഹർജി ഇന്ന് അടിയന്തരമായി പരിഗണിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. 10,000 രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നും സമാധാനം പാലിക്കണമെന്നും നിർദേശിച്ച് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നോട്ടീസിനെ ചോദ്യം ചെയ്താണ് ഹർജി. ഹർജി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന് നേഹയുടെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച കോടതി ഇന്നുതന്നെ കേസ് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.


