സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതിയിൽ കേന്ദ്ര സർക്കാരിന് നിർദേശവുമായി ദില്ലി ഹൈക്കോടതി. വാങ്ചുക്കിന് ആവശ്യമായ വൈദ്യസഹായം നൽകണമെന്നും ആരോഗ്യനില ദിവസേന പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

ദില്ലി: ദില്ലി ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് ആവശ്യമായ വൈദ്യസഹായം നൽകാൻ കേന്ദ്ര സർക്കാരിന് നിർദേശം. ദില്ലി ഹൈക്കോടതി ആണ് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് നിരീക്ഷിച്ച കോടതി, വാങ്ചുക്കിൻ്റെ ആരോഗ്യനില ദിവസേന പരിശോധിക്കണമെന്നും നിർദേശിച്ചു. വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ചു സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം. 

സർക്കാർ ഡോക്ടർമാർ തന്നെ വാങ്ചുക്കിനെ പരിശോധിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഏതെങ്കിലും സാഹചര്യത്തിൽ ആരോഗ്യനില ഗുരുതരമാകുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. സോനം വാങ്ചുക്ക് ദിവസേന മെഡിക്കൽ ചെക്കപ്പിന് വിധേയമാകുന്നുണ്ടെന്നും ആരോഗ്യവിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി വെർച്വലായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കോടതി നിർദേശിക്കുന്ന ഏതുകാര്യവും നടപ്പാക്കുമെന്നും തുഷാർ മേത്ത അറിയിച്ചു.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഐകൃദാർഢ്യം അറിയിച്ചാണ് ലഡാക്ക് സ്വദേശിയായ സോനം വാങ് ചൂക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം 19 ദിവസം പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞു.

YouTube video player

വാങ്ചുക്ക് നിലവിൽ മാനസികമായി ഉന്മേഷവാനും ആരോഗ്യപരമായി തൃപ്തികരമായ അവസ്ഥയിലുമാണെന്ന് ഡോ. സതീഷ് ലാംബ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു പറഞ്ഞു. ആരോഗ്യം എപ്പോൾ വേണമെങ്കിലും മോശമാകാനുള്ള സാധ്യതയുള്ളതിനാൽ ഡോക്ടർമാർ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. ആകെ ശരീരഭാരം 9 കിലോയിലധികം കുറഞ്ഞിട്ടുണ്ട്. നിലവിൽ ശരീരഭാരം 56.9 കിലോഗ്രാം ആണെന്നും ഡോ. സതീഷ് ലാംബ പറഞ്ഞു.