ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഹർജി തള്ളിയത്. മുകേഷ് സിം​ഗിന്റെ വാദം അം​ഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.  നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ വാറന്റ്.

പ്രതി മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ദില്ലി സർക്കാരും പൊലീസും, തിഹാർ ജയിലിന്‍റെ അഭിഭാഷകനും വാദത്തിനിടെ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആവശ്യത്തിലധികം സമയം മുകേഷ് കുമാറിന് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ വിധി വന്ന് രണ്ട് വർഷം കാത്തിരുന്ന ശേഷമാണ് പ്രതി ദയാഹർജി സമർപ്പിച്ചതെന്നും ഇത്തരം ഒരു കേസിൽ വിധി നടപ്പാക്കുന്നത് നീണ്ട് പോയാൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി ഇന്ന് നിരീക്ഷിച്ചു. പ്രതികൾ പല തവണകളായി ഹർജികൾ സമർപ്പിക്കുന്നത് നിയമത്തിന്‍റെ നടപടി ക്രമത്തെ പരാജയപ്പെടുത്താൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാ‌‌ർ മെഹ്തയും കോടതിയിൽ വാദിച്ചു. 

മുകേഷ് സിംഗിന്‍റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് സിം​ഗ് ഇന്നലെ തന്നെ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹ‌‌ർജിക്ക് അപേക്ഷ സമ‌ർപ്പിക്കുകയായിരുന്നു. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22ന് തൂക്കിലേറ്റാനാണ് നിലവിലെ മരണ വാറണ്ട്. 

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.