Asianet News MalayalamAsianet News Malayalam

നി‌ർഭയ കേസിൽ വധശിക്ഷ വൈകിയേക്കും; പുതിയ മരണവാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സർക്കാരും പൊലീസും ഹൈക്കോടതിയിൽ

മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിംഗിന്‍റെ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യമറിയിച്ചത്. കേസിൽ കോടതിയിൽ വാദം തുടരുകയാണ്. 

Delhi high court hearing nirbhaya case convict mukesh kumar petition
Author
Delhi, First Published Jan 15, 2020, 2:03 PM IST

ദില്ലി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കും. പ്രതി മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സർക്കാരും പൊലീസും ദില്ലി ഹൈക്കോടതിയെ അറിയിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിംഗിന്‍റെ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യമറിയിച്ചത്. കേസിൽ കോടതിയിൽ വാദം തുടരുകയാണ്. 

വിധി വന്ന് രണ്ടര വർഷമായിട്ടും തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ വൈകിപ്പിച്ചത് എന്തിനെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. പ്രതികൾ പല തവണകളായി ഹർജികൾ സമർപ്പിക്കുന്നത് നിയമത്തിന്‍റെ നടപടി ക്രമത്തെ പരാജയപ്പെടുത്താൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാ‌‌ർ മെഹ്ത കോടതിയിൽ വാദിച്ചു. 

മുകേഷ് സിംഗിന്‍റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് സിം​ഗ് ഇന്നലെ തന്നെ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹ‌‌ർജിക്ക് അപേക്ഷ സമ‌ർപ്പിക്കുകയായിരുന്നു.

ജനുവരി 22-ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടയിരുന്നത്. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22ന് തൂക്കിലേറ്റാനാണ് നിലവിലെ മരണ വാറണ്ട്. 

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു. 

Follow Us:
Download App:
  • android
  • ios