ദില്ലി: വാക്സീൻ വിതരണത്തിൽ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആസൂത്രണത്തിലെ പിഴവ് ജനങ്ങളുടെ കൈയ്യിൽ രക്തം പുരളാൻ ഇടയാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വാക്സീൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്കും ഇടനിലക്കാർക്കും പുതിയ നയത്തിലൂടെ സർക്കാർ നൽകിയെന്ന ആരോപണം ശക്തമാകുകയാണ്. 

പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ, കമ്പനികൾക്ക് വാക്സീൻ പൊതുവിപണിയിൽ വിറ്റഴിക്കാം തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ പുതിയ നയം പ്രഖ്യാപിച്ചതിനു ശേഷമാണ് ദില്ലി ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്.

18 വയസിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകാൻ എന്തിന് പത്തുദിവസം കാത്തിരിക്കണമെന്നാണ് ചോദ്യം. അമേരിക്കയിലും മറ്റും യുവാക്കൾക്ക് ഇത് നൽകിക്കഴിഞ്ഞു.  44 ലക്ഷം ഡോസ് വാക്സിൻ പാഴാക്കി എന്ന റിപ്പോർട്ട് ആസൂത്രണത്തിലെ പിഴവിന്റെ തെളിവാണ്. വാക്സീൻ ദൗലഭ്യം ഉണ്ടോ എന്ന് ചോദിച്ച കോടതി ഈ സമീപനം ജനങ്ങളുടെ കൈയ്യിൽ രക്തം പുരളാൻ ഇടയാക്കുമെന്ന മുന്നറിയിപ്പും നല്കി. 

വാക്സിനേഷന്റെ കാര്യത്തിൽ കേന്ദ്രം കൈകഴുകുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. വിപണിയിൽ ഇറക്കുന്ന ഇന്ത്യൻ മരുന്നിനും വിദേശമുരുന്നിനും ആര് വില നിർണ്ണയിക്കും. ഇത് കമ്പനികൾക്കും ഇടനിലക്കാർക്കും കൈമാറുന്നു എന്നും പ്രതിപക്ഷ ആരോപിക്കുന്നു. സർക്കാർ കമ്പനകളിൽ നിന്ന് വാങ്ങുന്ന വിലയ്ക്ക് പൊതുവിപണിയിൽ ഇത് ലഭ്യമാക്കണമെന്നാണ് ആവശ്യം.

വാക്സീൻ ലഭ്യതയെക്കുറിച്ചുള്ള ആരോപണം ശരിയല്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കേന്ദ്ര മന്ത്രിസഭ യോഗത്തിനു ശേഷം പറഞ്ഞു. ജൂലൈ ആകുന്നതോടെ മുപ്പത് കോടി വാക്സീൻ ഡോസ് എങ്കിലും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദേശ വാക്സീനുകളുടെ 16 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ സർക്കാർ എടുത്തു കളയാനാണ് സാധ്യത.