അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആന്ധ്ര കർണാടക സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി ദില്ലി പൊലീസ് ആശയവിനിമയം നടത്തി. ഇതുവരെ പിടിയിലായവരുടെയും ഐഎസ് ബന്ധം സംശയിക്കുന്നവരുടെയും വിവരങ്ങൾ പ്രാഥമികമായി ശേഖരിച്ചിട്ടുണ്ട്.
ദില്ലി: ദില്ലിയിലെ ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും. പ്രധാന നഗരങ്ങളിൽ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അറസ്റ്റിലായ അബു യൂസഫിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് കർണാടക, ആന്ധ്ര പൊലീസ് ഡിപ്പാർട്ട്മെന്‍റുകളുമായി ദില്ലി പൊലീസ് ആശയവിനിമയം നടത്തി.
വിശദമായ ചോദ്യം ചെയ്യലിൽ കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ ആക്രമണത്തിന് ഐഎസ് ഭീകരർ പദ്ധതിയിട്ടെന്ന് അബു യൂസഫ് വെളിപ്പെടുത്തിയെന്നാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ നൽകുന്ന വിവരം. അബുവിന് ഈ രണ്ട് സംസ്ഥാനങ്ങളിലെ ഐഎസ് ഭീകരരുമായി ബന്ധമുണ്ട്. ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് അബു യൂസഫ് സമ്മതിച്ചതായി പൊലീസ് പറയുന്നു.
ഐഎസിന്റെ ഇന്ത്യൻ പതിപ്പിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചെന്നും വിവരമുണ്ട്. അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആന്ധ്ര കർണാടക സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി ദില്ലി പൊലീസ് ആശയവിനിമയം നടത്തി. ഇതുവരെ പിടിയിലായവരുടെയും ഐഎസ് ബന്ധം സംശയിക്കുന്നവരുടെയും വിവരങ്ങൾ പ്രാഥമികമായി ശേഖരിച്ചിട്ടുണ്ട്. കർണാടകത്തിൽ മാത്രം കഴിഞ്ഞ ആഴ്ച്ച ഐഎസുമായി ബന്ധം സംശയിക്കുന്ന രണ്ട് അറസ്റ്റുകളാണ് നടന്നത്.
ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് ഒരാളെ ബെംഗളൂരു പൊലീസും ഭീകരർക്കായി ആപ്പ് നിർമ്മിച്ച് നൽകിയെന്ന് ആരോപണത്തിൽ യുവ ഡോക്ടറായ അബ്ദുർ റഹ്മാനെ ദേശീയ അന്വേഷണ ഏജൻസിയുമാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ അബുയൂസഫിനെ ബൽറാംപൂരിലെ ഗ്രാമത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കളും. ബോംബ് ഘടിപ്പിക്കാനുള്ള ബെൽറ്റുകളും , ഐഎസ് പതാകയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. അബുവിന്റെ പ്രവർത്തനങ്ങളിൽ ഖേദിക്കുന്നുവെന്നും ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിൻമാറണമെന്ന് കർശനമായി പറഞ്ഞിരുന്നുവെന്നും കുടുംബ പ്രതികരിച്ചു. ബൽറാംപൂരിൽ നിന്ന് അബുവിന്റെ സഹായികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
