സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നും ഇറാന്‍ ആണവശാസ്ത്രജ്ഞൻ ഫക്രിസാദെ അടക്കമുള്ളവരുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്നും കത്തില്‍ പറയുന്നു.

ദില്ലി: രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപത്ത് സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അംബാസിഡര്‍ക്കെതിരെ വധഭീഷണി മുഴക്കുന്ന കത്തില്‍ ഇസ്രായേലിനെ ഭീകരരാഷ്ട്രമായാണ് അഭിസംബോധന ചെയ്യുന്നത്. എംബസിക്ക് മുൻപിലെ സ്ഫോടനത്തിന് പിന്നില്‍ ഇറാന്‍ ബന്ധമുണ്ടാകാമെന്ന ആദ്യ സൂചന ലഭിച്ചത് ഇപ്പോള്‍ പുറത്തുവന്ന ഈ കത്തില്‍ നിന്നാണ്. സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നും ഇറാന്‍ ആണവശാസ്ത്രജ്ഞൻ ഫക്രിസാദെ അടക്കമുള്ളവരുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്നും കത്തില്‍ പറയുന്നു.

ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്കെയ ഭീകരനായും ഇസ്രായേലിനെ ഭീകര രാഷ്ട്രമായും കത്തിൽ അഭിസംബോധന ചെയ്യുന്നു. സറാളാ ഇന്ത്യ ഹെസ്ബൊള്ള എന്ന പേരിലാണ് കത്ത്. ഇസ്രയേലിനെ ശത്രു രാജ്യമായി കാണുന്ന ലെബനനിലെ ഷിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഹെസ്ബൊള്ള. ഇറാന്‍ ആണവ ശാസ്ത്രജൻ ഫക്രിസാദ, സുലൈമാനി, അബു മെഹ്ദി മുഹാൻദിസ് എന്നിവരുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്നാണ് കത്തില്‍ ഭീഷണി.

2020 ജനുവരിയില്‍ ബാഗ്ദാദില്‍ വച്ചുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ക്വാസിം സുലൈമാനിയും അബു മെഹ്ദി മുഹാൻദിസും കൊല്ലപ്പെട്ടത്. 2020 നവംബറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിലാണ് ഫക്രിസാദ കൊല്ലപ്പെട്ടത്. സ്ഫോടനം ട്രെയിലര്‍ മാത്രമാണ് അംബാസിഡര്‍ നിരീക്ഷണത്തിലാണെന്നും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. അന്വേഷണസംഘം വിശദമായ പരിശോധനക്ക് കത്ത് വിധേയമാക്കുന്നുണ്ട്.