Asianet News MalayalamAsianet News Malayalam

സാരി ഡോറിൽ കുടുങ്ങി ട്രെയിനിന് അടിയിൽപ്പെട്ട് ദാരുണാന്ത്യം, 35 കാരിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം

റീന ദേവിയുടെ രണ്ട് മക്കളുടേയും വിദ്യാഭ്യാസ ചെലവുകളും ദില്ലി മെട്രോ വഹിക്കും. 10 വയസുള്ള മകനും 12 വയസുള്ള മകളുമാണ് റീന ദേവിക്കുള്ളത്.

Delhi Metro to provide compensation of 15 lakh to the next of kin of the 35 year-old woman who died after her saree got stuck in the door etj
Author
First Published Dec 21, 2023, 8:59 AM IST

ദില്ലി: മെട്രോ ട്രെയിനിന്റെ വാതിലിന് ഇടയിൽ സാരി കുടുങ്ങി ട്രെയിനിന് അടിയിലേക്ക് വീണ് കൊല്ലപ്പെട്ട യുവതിയുടെ കുട്ടികൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ദില്ലി മെട്രോ. കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ അപകടത്തിലാണ് പാളത്തിനും ട്രെയിനിനും ഇടയിലായി കുടുങ്ങി 35കാരിയായ റീന ദേവി കൊല്ലപ്പെട്ടത്. ദില്ലിയിലെ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയായിരുന്നു യുവതിയുടെ അന്ത്യം.

15 ലക്ഷം രൂപയാണ് അനാഥരായ കുട്ടികൾക്ക് ദില്ലി മെട്രോ നഷ്ടപരിഹാരം നൽകുക. നെഞ്ചിലും തലയിലും ഉണ്ടായ ഗുരുതര പരിക്കുകളായിരുന്നു റീന ദേവിയുടെ മരണത്തിന് കാരണമായത്. ദില്ലി മെട്രോയുടെ നിയമാവലി അനുസരിച്ച് അഞ്ച് ലക്ഷം രൂപയാണ് സാധാരണ ഗതിയിലെ നഷ്ടപരിഹാരമെന്നും എന്നാൽ റീന ദേവിയുടെ മരണത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 10 ലക്ഷം രൂപ അധികമായി നൽകുന്നതെന്നും ദില്ലി മെട്രോ വിശദമാക്കി. റീന ദേവിയുടെ രണ്ട് മക്കളുടേയും വിദ്യാഭ്യാസ ചെലവുകളും ദില്ലി മെട്രോ വഹിക്കും.

10 വയസുള്ള മകനും 12 വയസുള്ള മകളുമാണ് റീന ദേവിക്കുള്ളത്. ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ദില്ലി മെട്രോ സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണം സംഭവത്തിൽ നടക്കുന്നുണ്ട്. റെഡ് ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു അപകടം നടന്ന വ്യാഴാഴ്ച റീന നിന്നിരുന്നത്. ഏതാനും മീറ്ററുകളോളം ദൂരം മെട്രോ ട്രെയിന്‍ യുവതിയുമായി കുതിച്ച് പാഞ്ഞിരുന്നു. പശ്ചിമ ദില്ലിയിലെ നാന്‍ഗ്ലോലി നിവാസിയായിരുന്ന റീന ദേവി പച്ചക്കറി വിറ്റായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പശ്ചിമ ദില്ലിയിൽ നിന്ന് മോഹന്‍ നഗറിലേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായത്. സാരി ഡോറിൽ ഉടക്കിയതിന് പിന്നാലെ യുവതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios