പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ വിമർശനങ്ങളെയും എതിർ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്
ദില്ലി: ലോക്സഭയ്ക്ക് പിന്നാലെ ദില്ലി ഭരണ നിയന്ത്രണ ബില്ലിൽ രാജ്യസഭയിലും ശക്തമായ വാദപ്രതിവാദം. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകി. വോട്ടെടുപ്പിൽ ബിൽ പാസായി. ബില്ലിനെ അനുകൂലിച്ച് 132 അംഗങ്ങളും ബില്ലിനെ എതിർത്ത് 102 അംഗങ്ങളും വോട്ട് ചെയ്തു. ഉച്ചയ്ക്കാണ് ബില്ലിന് മുകളിൽ ചർച്ച ആരംഭിച്ചത്. ഇന്ത്യ സഖ്യത്തിനും ഭരണപക്ഷത്തിനും തങ്ങളുടെ ശക്തി തെളിയിക്കാനാവുന്ന സന്ദർഭമായി ഇത് മാറി. പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ വിമർശനങ്ങളെയും എതിർ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്.
ബില്ലിൽ ചർച്ച നടക്കുന്നതിനിടെ പ്രസംഗിക്കാൻ എഴുന്നേറ്റ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങൾ ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദങ്ങളുയർത്തി. മറുപടി പ്രസംഗത്തിനായി എഴുന്നേറ്റ അമിത് ഷാ പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ദില്ലി ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയുടെ വികസനത്തിന് സഹായകരമാകുന്ന നിലയിൽ അഴിമതിയില്ലാത്ത പ്രദേശമായി മാറ്റുന്നതാണ് ബില്ല്. അഴിമതിക്കെതിരായ സമരത്തിലൂടെ അധികാരത്തിൽ വന്ന പാർട്ടിയാണ് എഎപി. വിജിലൻസ് ഫയലുകള്‍ മറയ്ക്കാൻ ദില്ലി സർക്കാർ ശ്രമിച്ചു. ദില്ലിയുടെ അധികാരം കേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യുന്നതല്ല ബില്ല്. ദില്ലിയിൽ നിയമ നിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ട്. അധികാരത്തിനായി ദില്ലി മുഖ്യമന്ത്രിമാർ ഒരു കാലത്തും കേന്ദ്രത്തോട് പോരാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് എല്ലായിടത്തും അധികാര വികേന്ദ്രീകരണം നടക്കുമ്പോള്‍ ഇന്ത്യയില്‍ നേരെ വിപരീതമാണ് കാര്യങ്ങളെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ വിമർശിച്ചു. ഒരു ദിവസം ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകും, പശ്ചാപത്തിക്കുന്ന ദിവസങ്ങളാകും ബിജെപിക്ക് വരുക. 'ഇന്ത്യ' അധികാരത്തില്‍ വരുന്പോള്‍ ദില്ലി സർക്കാരിന് പൂര്‍ണ അധികാരം നല്‍കുമെന്നും തിരുച്ചി ശിവ വ്യക്തമാക്കി.
ദില്ലി ബില്‍ വാജ്‍പേയിയേയും അദ്വാനിയേയും സുഷമ സ്വരാജിനെയുമെല്ലാം അപമാനിക്കുന്നതാണെന്ന് എഎപി എംപി രാഘവ് ഛദ്ദ വിമർശിച്ചു. ദില്ലിക്ക് പൂർണ സംസ്ഥാന പദവി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും മുന്നോട്ട് വന്നു. ദില്ലി രാജ്യ തലസ്ഥാനമാണെന്നും വ്യത്യസ്ത സാഹചര്യമാണെന്നും വൈഎസ്ആർ എംപി വിജയസായി റെഡ്ഡി ചൂണ്ടിക്കാട്ടി. ബിജെഡി എംപി സസ്മിത്ര പാത്ര ബിജെപിയോടും കോണ്‍ഗ്രസിനോടും ഒരേ അകലമെന്ന് പ്രഖ്യാപിച്ചു.
ഇത്തരമൊരു ബില്‍ പാസാക്കാൻ ഭരണഘടനാപരമായ അധികാരമോ ധാർമിക അവകാശമോ സർക്കാരിനില്ലെന്ന് പി ചിദംബരം കുറ്റപ്പെടുത്തി. 25 വർഷം മുന്‍പാണ് ദില്ലിയില്‍ ബിജെപി ജയിച്ചത്. ദില്ലിയുടെ ഭരണം മന്ത്രിമാർക്കാണെന്ന് കൃത്യമായി ഭരണഘടനയിലുണ്ട്. ഇതെല്ലാം ദില്ലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ അവകാശം കവരാനുള്ള ശ്രമമാണ് ഇതെന്ന് അവർക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കരുത്: നാളെ നിയമസഭയിൽ പ്രമേയം, മുഖ്യമന്ത്രി അവതരിപ്പിക്കും
എട്ട് മാസത്തിനുള്ളില്‍ മാറാൻ പോകുന്ന ബില്ലാണ് ഇതെന്ന് അബ്ദുള്‍ വഹാബ് എംപി വിമർശിച്ചു. പുതിയ സർക്കാർ ഈ ബില്ല് ഒഴിവാക്കും. അമിത് ഷാ കരുതുന്നത് മോദിയെ പോലെ മൂന്നാമതും ആഭ്യന്തരമന്ത്രിയാകുമെന്നാണെന്ന് അദ്ദേഹം പരിഹസിച്ചു. അമിത് ഷാ ചരിത്രത്തില്‍ ഹീറോയാകുന്നതിന് പകരം വില്ലനാകരുതെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞെങ്കിലും നല്ല പ്രയോഗമല്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധൻകർ വിമർശിച്ചപ്പോൾ എംപി പ്രയോഗം പിൻവലിച്ചു.
ജോണ്‍ ബ്രിട്ടാസ് പോയിന്‍റ് ഓഫ് ഓർഡർ ഉന്നയിച്ചപ്പോൾ ബ്രിട്ടാസല്ല ഞാനാണ് രാജ്യസഭ ചെയർമാനെന്ന് ജഗ്ദീപ് ധൻക്കർ പറഞ്ഞു. മുൻ പ്രധാനമന്ത്രി മന്‍മോഹൻസിങ്, ജെഎംഎം നേതാവ് ഷിബു സോറൻ എന്നിവരും ഇതിനിടെ വോട്ടെടുപ്പിൽ പങ്കെടുക്കാനായി രാജ്യസഭയിലെത്തി. ഡെറിക് ഒബ്രിയാനെ രാജ്യസഭ അധ്യക്ഷൻ ശാസിച്ചു. പ്രശസ്തിക്ക് വേണ്ടി നാടകം കളിക്കരുതെന്ന് ധൻക്കർ വിമർശിച്ചു.
