Asianet News MalayalamAsianet News Malayalam

ദില്ലിയിലെ കർഷകസംഘർഷം: പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനൊരുങ്ങി ദില്ലി പൊലീസ്

ചെങ്കോട്ടയിൽ ആയുധാരികളായ സംഘം വലിയ ആക്രമണമാണ് നടത്തിയത്. ഭീകരവാദി ശക്തികളെ റാലിയുടെ മുമ്പിൽ പോകാൻ കർഷക സംഘടനകൾ അനുവദിച്ചു

delhi police against Farmer leaders
Author
Delhi, First Published Jan 27, 2021, 9:34 PM IST

ദില്ലി: റിപ്പബ്ളിക് ദിനത്തിൽ കർഷക സംഘടനകൾ ദില്ലിയിൽ നടത്തിയ മാർച്ചിനിടെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് ദില്ലി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവ. റാലിയുടെ മുൻനിരയിലേക്ക് ഭീകരവാദ ശക്തികൾ നുഴഞ്ഞു കയറാനും അക്രമം അഴിച്ചുവിടാനും കർഷക സംഘടനകളും നേതാക്കളും അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. 

 

ദില്ലി പൊലീസ് കമ്മീഷണറുടെ വാക്കുകൾ -

ട്രാക്ടർ പരേഡ് നടത്തണമെന്ന കർഷകരുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ അവരുമായി ചർച്ച നടത്തിയിരുന്നു. സമാധനപരമായി റാലി നടത്തും എന്ന ഒറ്റ ഉറപ്പിലാണ് അതിർത്തിയിൽ തമ്പടിച്ച കർഷകരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. സമാധാനപരമായി റാലി നടത്താമെന്നും പൊലീസ് മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും പാലിക്കാമെന്നും  കർഷകനേതാക്കൾ പൊലീസിന് ഉറപ്പ് നൽകിയിരുന്നു. പരേഡ് നടക്കുന്ന റിപ്പബ്ളിക് ദിനത്തിൽ തന്നെ മാർച്ച് വേണ്ടെന്നും തീയതി മാറ്റാൻ തയ്യാറാവണമെന്നും അവരോട് അഭ്യർത്ഥിച്ചെങ്കിലും വഴങ്ങാൻ തയ്യാറായില്ല. 

കർഷക സംഘടനകളുടെ നേതാക്കളായ സനാതൻ സിംഗ് പന്നു, ദർശൻ പാൽ എന്നിവർ റാലിക്ക് മുന്നോടിയായി പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. മറ്റൊരു കർഷക നേതാവായ രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഗാസിപ്പൂരിൽ പൊലീസ് ബാരിക്കേഡുകൾ തകർത്തു. ചെങ്കോട്ടയിൽ ആയുധാരികളായ സംഘം വലിയ ആക്രമണമാണ് നടത്തിയത്. ഭീകരവാദി ശക്തികളെ റാലിയുടെ മുമ്പിൽ പോകാൻ കർഷക സംഘടനകൾ അനുവദിച്ചു. റിപ്പബ്ളിക് ദിനത്തിൽ രാജ്യതലസ്ഥാനത്തെ ക്രമസമാധാനം തകർത്തു കൊണ്ട് കലാപത്തിന് ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും.

സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 394 പൊലീസുകാർക്കാണ് കർഷകരുടെ ആക്രമണത്തിൽ  പരിക്കേറ്റത്. കുറ്റക്കാരായ കർഷക നേതാക്കൾക്കെതിരെ നടപടിയുണ്ടാകും. കേസുമായി ബന്ധപ്പെട്ട് 19 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ചും, ജില്ലാ പൊലീസ് മേധാവികളും ചേർന്ന് കലാപത്തിലെ കേസുകളിൽ അന്വേഷണം നടത്തും.

Follow Us:
Download App:
  • android
  • ios