Asianet News MalayalamAsianet News Malayalam

ജെഎൻയുവിലേക്കുള്ള പാതകൾ പൊലീസ് അടച്ചു, അധ്യാപകരെ തടഞ്ഞു, യോഗേന്ദ്ര യാദവിന് നേരെ കൈയ്യേറ്റം

  • പ്രധാന ഗേറ്റിന് മുന്നിൽ അധ്യാപകര്‍ വാര്‍ത്താ സമ്മേളനം നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു
  • സര്‍വകലാശാലയിൽ ഇപ്പോഴും സംഘര്‍ഷങ്ങൾ തുടരുന്നു, കാമ്പസിനകത്തേക്ക് കയറാതെ പൊലീസ്
Delhi police closed roads to JNU stops teachers from meeting press
Author
JNU, First Published Jan 5, 2020, 10:20 PM IST

ദില്ലി: ജെഎൻയുവിൽ സംഘര്‍ഷത്തിന് പിന്നാലെ ഇവിടേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. ഇതോടെ രാഷ്ട്രീയ നേതാക്കളും ആംബുലൻസുകളും അടക്കം സര്‍വകലാശാലയിലേക്കുള്ള പലര്‍ക്കും അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയായി. പ്രധാന ഗേറ്റിന് മുന്നിൽ അധ്യാപകര്‍ വാര്‍ത്താ സമ്മേളനം നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ഇതും തടഞ്ഞു.

ഇതോടെ പൊലീസ് അക്രമികൾക്ക് സൗകര്യമൊരുക്കുന്നുവെന്ന് ആരോപിച്ച് അധ്യാപകര്‍ രംഗത്തെത്തി. പ്രധാന ഗേറ്റിന് പുറത്ത് അധ്യാപകര്‍ കൂടിനിൽക്കുകയാണ്. സംഘര്‍ഷ വിവരമറിഞ്ഞ് ക്യാമ്പസിലേക്ക് വന്ന യോഗേന്ദ്ര യാദവിനെ ക്യാമ്പസിനകത്ത് വച്ച് എബിവിപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. അദ്ദേഹത്തിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിദ്യാര്‍ത്ഥികളെ കാണാനെത്തിയതായിരുന്നു യോഗേന്ദ്ര യാദവ്.

ദില്ലി പൊലീസ് സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദ്ര ആര്യ ക്യാംപസിലുണ്ട്. അതേസമയം അക്രമിസംഘവും ക്യാംപസിനകത്തുണ്ട്. നാട്ടുകാരായ അക്രമികളും കാമ്പസിനകത്തുണ്ട്. മുതിര്‍ന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ദേശീയ വക്താവുമായ രൺദീപ് സിങ് സുര്‍ജേവാല ക്യാമ്പസിലെത്തി. അതേസമയം ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ശക്തമായ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. പരിക്കേറ്റവര്‍ക്കായി എത്തിച്ച ആംബുലൻസുകൾ പോലും അകത്തേക്ക് കടത്തിവിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്ന കാര്യമാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വിമര്‍ശിച്ചു. അധികാരത്തിലുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിതെന്നും ജെഎൻയു ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീര്‍ക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

മോദി സര്‍ക്കാരിന് ജെഎൻയുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ ഗേറ്റിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു ദില്ലി പൊലീസെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതൊരു സര്‍ക്കാര്‍ പിന്തുണയോടെ സംഘര്‍ഷമാണോയെന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം 50 ഓളം അക്രമികൾ ക്യാംപസിനകത്ത് റോന്ത് ചുറ്റുകയാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. സ്ത്രീകളടക്കമാണ് അക്രമം അഴിച്ചുവിട്ടത്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം. അതേസമയം അക്രമത്തിൽ പ്രതിഷേധിച്ച് ദില്ലി പൊലീസ് ആസ്ഥാനം വളയാൻ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. ഇന്ന് രാത്രി തന്നെ ഇവര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തേക്കും.

സംഘടിത ആക്രമണം അധ്യാപകര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. 

സബര്‍മതി ഹോസ്റ്റിലിനുള്ളിലും അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റൽ അടിച്ചുതകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ ആക്രമിച്ചത്. ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 സ‍ര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios