ചെങ്കൊട്ടയ്ക്ക് മുന്നിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശിൽ നിന്നെത്തിയ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

ദില്ലി: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ചെങ്കോട്ടയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ദീപം കൊളുത്തി പ്രതിഷേധം വിലക്കിയ ദില്ലി പൊലീസ്, എംപിമാരടക്കമുള്ള കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളെ അടക്കം ബലംപ്രയോഗിച്ച് നീക്കി. ജെബി മേത്തർ എംപിയെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് എല്ലാവരെയും വിട്ടയച്ചു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ഇതിന് മുന്നോടിയായി ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് നടത്തി പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് പ്രതിഷേധിച്ചു. പലയിടത്തും നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.

രാത്രി 7 മണിയോടെയാണ് പന്തം കൊളുത്തി പ്രതിഷേധത്തിനായി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലേക്കെത്തിയത്. എന്നാല്‍, പന്തംകൊളുത്തി പ്രകടനം നടത്തിയാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജെബി മേത്തർ എംപിയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്ത എംപിമാരെയടക്കം എല്ലാ കോൺഗ്രസ് നേതാക്കളെയും രാത്രിയോടെ പൊലീസ് വിട്ടയച്ചു.ജെ ബി മേത്തർ അടക്കം നാല് വനിതകളെയും പതിനൊന്ന് മണിയോടെ വിട്ടയച്ചു.

YouTube video player