ദില്ലി: പൊലീസ് ഫയറിങ് റേഞ്ചില്‍ മകനും മകള്‍ക്കും പരിശീലനം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ദില്ലി കിംഗ്സ്വാമി ക്യാമ്പ് ന്യൂ പൊലീസ് ലൈനിലെ സഞ്ചീവ് കുമാര്‍ എന്ന ഇന്‍സ്പെക്ടറെയാണ് സസ്പെന്‍ഡ് ചെയ്തത്. 

ഇയാള്‍  പൊലീസിന്‍റെ ഫയറിങ് റേഞ്ചില്‍ മകനും മകള്‍ക്കും വെടിവെയ്ക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. 

വെടിവെയ്ക്കേണ്ടത് എങ്ങനെയാണെന്ന് മക്കളെ പരിശീലിപ്പിക്കുന്നതിന്‍റേയും ആയുധങ്ങള്‍ മക്കള്‍ക്ക് കൈമാറുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തു വന്നത്. പൊലീസിന് പരിശീലനത്തിനുള്ള ഷൂട്ടിങ് റേഞ്ച് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയിട്ടില്ലെന്നിരിക്കെയാണ് സഞ്ചീവ് മക്കള്‍ക്ക് പരിശീലനം നല്‍കിയത്.