70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചു. 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ പൊലീസ് ശുപാർശ നൽകി. ദില്ലിയിലേക്ക് എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, നിയന്ത്രണങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ദില്ലി: ഗ്യാനേഷ് കുമാറിനെതിരായ സിജെപി സമരം നേരിടാൻ കോട്ട കെട്ടി ദില്ലി പൊലീസ്. 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചു. 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ പൊലീസ് ശുപാർശ നൽകി. ദില്ലിയിലേക്ക് എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സമരത്തിന് എത്തുന്നവരെ അനധികൃതമായി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടത് പാർട്ടികളും പരാതിപ്പെട്ടു. ദില്ലിയിലെ നിയന്ത്രണങ്ങൾ നിയമവിരുദ്ധമെന്ന് സിജെപി വിമര്‍ശിച്ചു. അതേസമയം, ദില്ലിയിലെ നിയന്ത്രണങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കുകയാണ്. നിയന്ത്രണങ്ങള്‍ താൽകാലികമെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചത്. സ്ഥിതി പരിശോധിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റോഡുകളിൽ എല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ശരിയല്ലെന്നും ആവശ്യമുള്ള സ്ഥലത്ത് മാത്രം നിയന്ത്രണം കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദില്ലി നഗരം കനത്ത സുരക്ഷയില്‍
സിജെപിയുടെ ജന്തർമന്തർ മാർച്ച് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ദില്ലി നഗരം. പശ്ചിമ ബംഗാളിൽ നിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനിയും അധിക സേനയാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. മെട്രോ റെയിൽ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സെൻട്രൾ ദില്ലിയിലെ ഉൾപ്പെടെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ മെട്രോ റെയിൽ കോർപ്പറേഷന് ശുപാർശ നല്‍കി. സമരം കണക്കിലെടുത്ത് നാളെ പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 മണിവരെ പത്ത് മണിക്കൂർ ദില്ലിക്ക് എത്തുന്ന ട്രെയിനുകൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനുകളിലേക്ക് ഈ സമയം വരുന്ന ട്രെയിനുകൾക്ക് ആണ് നിയന്ത്രണം.ദില്ലിക്ക് എത്തുന്ന ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതിനിടെ, സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന ആഹ്വാനവുമായി ദില്ലി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പൊലീസിന്റെ ക്യാമ്പയിൻ നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യർത്ഥന. മസ്ജിദുകളിൽ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു. ഉത്തരവുകൾ ലംഘിച്ചാൽ കർശനനടപടിയെന്നാണ് പൊലീസ് മുന്നറിയിപ്പ്.
ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം തടങ്കൽ കേന്ദ്രങ്ങളാക്കി. ദില്ലിയിൽ സിജെപി നോർത്ത് കോർഡിനേറ്റർ മോഹൻ യാദവിനെ കസ്റ്റഡിയിലെടുത്തായി സിജെപി പറഞ്ഞു. യുപിയിലും ഹരിയാനയിലും എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പൂനെയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശിയിൽ കസ്റ്റഡിയിലെടുത്തു. ഇന്നലെ സിപിഎം ആസ്ഥാനമായ സുർജിത്ത് ഭവനിൽ നീരീക്ഷണത്തിന് പൊലീസ് എത്തിയത് വിവാദമായിരുന്നു. അയൽ രാജ്യങ്ങളിലേതിന് സമാനമായ അക്രമത്തിന് പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ഈ ആഴ്ച മണിപ്പൂർ സന്ദർശനം അടക്കം നിശ്ചയിച്ചിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാം റദ്ദാക്കി ദില്ലിയിൽ തങ്ങുകയാണ്.

