'ക്യാമ്പസിലെ സിസിടിവികളിൽ നിന്ന് ദൃശ്യങ്ങളെടുക്കാനാകില്ല, വിവാദ വാട്‍സാപ്പ് നമ്പറുകൾ സ്വിച്ചോഫാണ്', അക്രമികളെ പിടികൂടാത്തതിന് ദില്ലി പൊലീസിന്‍റെ ന്യായീകരണം ഇങ്ങനെയാണ്. 

ദില്ലി: ജവഹർലാൽ നെഹ്‍റു സ‍ർവകലാശാലയിൽ മുഖംമൂടി ധരിച്ച അക്രമികൾ വൻതോതിൽ അക്രമം അഴിച്ചുവിട്ടിട്ട് നാൽപ്പത്തിയെട്ട് മണിക്കൂർ പിന്നിടുന്നു. ഇതുവരെ കേസിൽ ഒരാളെപ്പോലും തിരിച്ചറിയാൻ ദില്ലി പൊലീസിനായിട്ടില്ല. കേസിൽ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടുമില്ല. ഇരുട്ടിൽത്തപ്പുന്ന പൊലീസ് പറയുന്ന വാദങ്ങളും വിചിത്രമാണ്. 

ക്യാമ്പസിലെ സിസിടിവികൾ അന്നത്തെ ദിവസം കേടായിരുന്നു. സിസിടിവി സെർവർ പ്രവർത്തനരഹിതമായിരുന്നു. ജനുവരി - 3ന് ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ സെർവർ റൂമിലെ കേബിളുകൾ വലിച്ചൂരിയതിനാൽ ദൃശ്യങ്ങളൊന്നും ശേഖരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഒരു ദൃശ്യങ്ങളും വീണ്ടും കണ്ടെടുക്കാനുമാകില്ല - ദില്ലി പൊലീസ് പ്രസ്താവനയിൽ പറയുന്നു.

ജനുവരി - 3ന് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നടന്ന സമരത്തിൽ സെർവർ കേബിളുകൾ വലിച്ചൂരിയെന്ന് ആരോപിച്ചാണ് ജെഎൻയു യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഐഷിക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അക്രമത്തിൽ ഒരാളെപ്പോലും തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോൾ ദൃശ്യങ്ങൾ സൂക്ഷിക്കാനാവാത്തതിന് കാരണം ഐഷിയടക്കമുള്ളവർ നടത്തിയ സമരമാണെന്നാണ് ദില്ലി പൊലീസിന്‍റെ വിചിത്രവാദം.

Scroll to load tweet…

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അക്രമങ്ങൾ നടത്താൻ പദ്ധതിയിട്ട എബിവിപി - ബിജെപി - ബജ്‍രംഗദൾ പ്രവർത്തകരുടെ വാട്‍സാപ്പ് നമ്പറുകൾ വഴി പ്രതികളെ തിരിച്ചറിയമെന്ന് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നുണ്ടായിരുന്നു. അക്രമം നടത്താൻ പദ്ധതിയിട്ട നമ്പറുകൾ അടങ്ങിയ 'യുണൈറ്റഡ് എഗെയ്ൻസ്റ്റ് ലെഫ്റ്റ്' 'ഫ്രണ്ട്സ് ഓഫ് ആർഎസ്എസ്' എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉള്ള നമ്പറുകൾ പലതും ഇപ്പോൾ സ്വിച്ചോഫാണെന്നും പൊലീസ് ന്യായീകരിക്കുന്നു.

Scroll to load tweet…

ഈ വാട്‍സാപ്പ് നമ്പറുകൾ ഈ പ്രദേശത്ത് അക്രമം നടക്കുമ്പോൾ ജെഎൻയുവിന്‍റെ മൊബൈൽ ഫോൺ ടവർ പരിധിയിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോകൾ വിശദമായി പരിശോധിക്കുമെന്നും അതും പ്രതികളെ തിരിച്ചറിയാൻ ഉപയോഗിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സംഭവം നടന്ന സമയത്ത് മൊബൈൽഫോണുകളുമായി ദൃശ്യങ്ങൾ പകർത്തിയവരും, ദൃശ്യങ്ങൾ കയ്യിലുള്ളവരും ഉടനടി പൊലീസിനെ സമീപിക്കണമെന്നും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് മുന്നിൽ ഉള്ള പൊലീസ് സംഘത്തിന് ഈ തെളിവുകൾ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കേസിൽ അന്വേഷണച്ചുമതലയുള്ള വെസ്റ്റേൺ റേഞ്ച് ജോയന്‍റ് ഡിസിപി ശാലിനി സിംഗ് ജെഎൻയു ക്യാമ്പസിൽ സന്ദർശനം നടത്തി. അക്രമികൾ അടിച്ചു തകർത്ത സബർമതി ഹോസ്റ്റൽ അടക്കമുള്ള ഇടങ്ങളിലെത്തി തെളിവെടുപ്പും നടത്തി.

ആറ് വകുപ്പുകൾ ചേർത്താണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആയുധമേന്തിയുള്ള കലാപ ശ്രമം, അനധികൃതമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.